കൊല്ലം: ( www.truevisionnews.com ) തുടർഭരണം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സച്ചിദാനന്ദൻ ഞങ്ങളുടെ സുഹൃത്താണ്. നിർദേശത്തെ ഗൗരവത്തോടെ കാണുമെന്നും എപ്പോഴും ഞങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുന്നില്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എം വി ഗോവിന്ദന്റെ പാവപ്പെട്ടവർ എന്ന പ്രയോഗത്തെ സംബന്ധിച്ചുള്ള പ്രസ്താവനയിലും ബിനോയ് വിശ്വം മറുപടി നൽകി. എൽഡിഎഫിന്റെ നേട്ടത്തെപ്പറ്റിയാണ് എം വി ഗോവിന്ദൻ സൂചിപ്പിച്ചത് എന്നും അതിദാരിദ്ര്യം ഇല്ലാതാക്കിയതിന് പിന്നാലെയുള്ള ലക്ഷ്യം ഇനി ഇതാണെന്നും ബിനോയ് വിശ്വം മറുപടി നൽകി. നല്ല ആശയത്തിന് മറ്റ് അർത്ഥങ്ങൾ നൽകരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങൾ വീണ്ടും അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർ എന്ന പ്രയോഗം ഉണ്ടാകില്ല എന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന നേതാക്കൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫും ബിജെപിയും കെട്ടിപ്പൊക്കിയ പോറ്റി കോട്ട തകർന്നു വീണു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂടുതൽ മിണ്ടാത്തത് പ്രശ്നമാകുമെന്ന് ഭയന്നാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
യുഡിഎഫ് കൺവീനർ, എംപി, ഉൾപ്പടെ ഉള്ളവർ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലാണ്. കൂടുതൽ മിണ്ടിയാൽ പ്രശ്നം ആകുമെന്ന് യുഡിഎഫ് നേതാക്കൾക്ക് അറിയാം. മൗനം വിദ്വാന് ഭൂഷണം അതാണ് പ്രതിപക്ഷ നേതാവ് ഒന്നും മിണ്ടാത്തതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കുറ്റം ചെയ്തത് ആരായാലും എൽഡിഎഫ് നടപടി എടുക്കും. പദ്മകുമാർ ആയാലും ശങ്കർദാസ് ആയാലും അങ്ങനെ തന്നെയാണെന്ന് അദേഹം വ്യക്തമാക്കി.
നുണ പ്രചരണം ആണ് യുഡിഎഫ് നടത്തുന്നത്. പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായി. ശബരിമലയിലെ ഒരു ചില്ലി കാശ് കളവ് ചെയ്തെന്ന് അറിഞ്ഞാൽ ഏത് പാർട്ടി ആയാലും വെറുതെ വിടില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. പോറ്റിയുടെ ബന്ധുക്കൾ ആരാണെന്ന് ഇപ്പോൾ ജനങ്ങൾ കാണുന്നുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. കാറ്റ് എൽഡിഎഫിന് അനുകൂലം ആണെന്നും മൂന്നാം എൽഡിഎഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നും അദേഹം പറഞ്ഞു. മൂന്നാമുഴം അതിൻ്റെ ഭാഗമായി സംഭവിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
binoy viswam says the party will take poet k satchidanandans criticism seriously




























