പന്തളം: ( www.truevisionnews.com ) ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ പന്തളം നഗരസഭയിലെ മുൻ റവന്യൂ ഇൻസ്പെക്ടർക്ക് കഠിനശിക്ഷ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ റെജി ജോർജിനെയാണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്. ഏഴ് വർഷം സാധാരണ തടവും 20,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബസ്വത്തായി ലഭിച്ച വീടിന്റെ ഉടമസ്ഥാവകാശം മാറിക്കിട്ടുന്നതിനായി പന്തളം സ്വദേശി സമർപ്പിച്ച അപേക്ഷയിൽ നടപടി സ്വീകരിക്കാൻ റെജി ജോർജ് 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ കെണിയൊരുക്കിയുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.
ഓണർഷിപ്പ് മാറ്റി പരാതിക്കാരന്റെ പേരിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി നൽകണമെന്ന് റവന്യു ഇൻസ്പെക്ടറായ റെജി ജോർജ് പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോൾ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് റെജിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് പ്രതിയായ റെജി ജോർജിനെ കൊല്ലം വിജിലൻസ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
Cc-18/25(VC-03/17/PtA) U/s 7 of PC Act പ്രകാരം 3 വർഷവും 10,000 രൂപയും, Sce 13(1)d r/w 13(2) പ്രകാരം 4 വർഷവും 10,000 പിഴയും ഉൾപ്പടെ ആകെ 7 വർഷം സാധാരണ തടവിനും 20,000രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി ഉത്തരവ്. കൊല്ലം വിജിലൻസ് കോടതി ജഡ്ജ് മോഹിത് സിഎസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡി.വൈ.എസ്.പിയായ പിഡി ശശിആണ് ഈ കേസിന്റെ അന്വേഷണം പൂർത്തികരിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Vigilance 'poked' while accepting bribe; Former Pandalam municipal official gets 7 years in jail and fine

































