കൊച്ചി: (https://truevisionnews.com/) എറണാകുളം കോതമംഗലത്ത് സി പി എം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം നടന്നതായി പരാതി. നെല്ലിക്കുഴിയിൽ വെച്ച് റോഡിന് കുറുകെ കയർ കെട്ടി ബൈക്ക് യാത്രക്കാരനായ ടി.എം. അബ്ദുൽ അസീസിനെ വീഴ്ത്തി അപായപ്പെടുത്താനാണ് ശ്രമമുണ്ടായത്.
ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായ അസീസിന് വീഴ്ചയിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇരുട്ടിൽ റോഡിന് കുറുകെ വലിച്ചുകെട്ടിയ കയറിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സി പി എം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്.
Attempted murder on CPM local committee member in Kothamangalam
































