തിരുവനന്തപുരം: (https://truevisionnews.com/) പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി കെ.കെ. രമ എം.എൽ.എ. രക്തസാക്ഷികളുടെ പേരിൽ ഫണ്ട് ശേഖരിച്ച് തട്ടിപ്പ് നടത്തുന്നത് സി.പി.എമ്മിൽ പുതിയ കാര്യമല്ലെന്ന് അവർ പറഞ്ഞു. ഫണ്ട് വിനിയോഗത്തിലെ സുതാര്യതയില്ലായ്മ പാർട്ടിയുടെ നയമാണെന്നും രമ കുറ്റപ്പെടുത്തി.
2005-ൽ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ സംസ്ഥാനവ്യാപകമായി സി.പി.എം പിരിച്ചെടുത്ത 25 കോടി രൂപയെക്കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ലെന്ന് രമ ചൂണ്ടിക്കാട്ടി.
'ഞങ്ങളൊക്കെ സിപിഎമ്മിൽ പ്രവർത്തിക്കുന്ന കാലത്താണ് ആ പിരിവ് നടന്നത്. എന്നാൽ അന്ന് പിരിച്ച പണം എവിടെയെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. വരാനിരിക്കുന്ന രക്തസാക്ഷികൾക്ക് വേണ്ടി കൂടിയായിരുന്നോ ഫണ്ടെന്നും'' രമ പരിഹസിച്ചു.
പയ്യന്നൂരിലെ ധനരാജ് ഫണ്ട് തട്ടിപ്പിൽ സർക്കാർ നിയമസഭയിൽ ചർച്ചക്ക് തയ്യാറായില്ല. ഫണ്ട് തട്ടിപ്പിൽ ടി ഐ മധുസൂദനന്റെ രാജിയാവശ്യപ്പെട്ടുള്ള കോൺഗ്രസ് മാർച്ചിനെതിരായ സി പി എം അക്രമത്തിലെ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
രാഷ്ട്രീയ കേരളം ഏറ്റെടുത്ത ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള വി കുഞ്ഞിക്കൃഷ്ണൻറെ ഫണ്ട് തട്ടൽ വെളിപ്പെടുത്തലായിരുന്നു പ്രതിപക്ഷത്തിൻറെ അടിയന്തിര പ്രമേയ നോട്ടീസിനാധാരം. കണക്ക് പുറത്തു പറയില്ലെന്ന പാർട്ടി നിലപാടിനെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ സുതാര്യത ഉറപ്പാക്കാൻ സഭയിൽ ചർച്ച ചെയ്യുമോ എന്നായിരുന്നു ആകാംക്ഷ.
എന്നാൽ ഏത് നോട്ടീസും ചർച്ചക്കെടുക്കുന്ന ഭരണപക്ഷത്തിൻറെ സമീപകാല രീതി ഫണ്ട് തിരിമറിയിലുണ്ടായില്ല. ഒന്നും പൊതുജനം അറിയേണ്ട, പാർട്ടിക്കാര്യമെന്ന നിലപാടാണ് സിപിഎം സഭയിലും സ്വീകരിച്ചത്. പ്രതിരോധത്തിലായ സിപിഎമ്മിനെ സ്പീക്കർ രക്ഷിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭ വിട്ടു.
'Where is that 25 crores? Was that collection made for the upcoming martyrs?' - K.K. Rama lashes out at CPM


































