തിരുവനന്തപുരം: (https://truevisionnews.com/) കളിക്കുന്നതിനിടയിൽ കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയ പതിനാറുകാരൻ മരിച്ചു. ഒപ്പം കടലിൽ ഇറങ്ങിയ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി. ബീമാപളളി സ്വദേശി റിഹാൻ (16) ആണ് മരിച്ചത്. കൂട്ടുകാരായ സാജിത്, ടിബിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ചെറിയതുറ റോസ് മിനി കോൺവെന്‍റിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇവർ ഇന്നലെ വൈകുന്നേരം ബീമാപ്പള്ളിക്ക് സമീപം കടൽതീരത്ത് പന്തുകളിക്കുകയായിരുന്നു.
ഇതിനിടെ പന്ത് കടലിൽ വീണതോടെ എടുക്കാനിറങ്ങിയപ്പോഴാണ് തിരയിൽപെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. തിര ശക്തമായതോടെ ഇവർ ബഹളംവച്ചതു കേട്ട് ഓടിയെത്തിയവരാണ് രണ്ടു പേരെ രക്ഷിച്ചത്.
എന്നാൽ റിഹാനെ കണ്ടെത്താനായില്ല. തുടർന്ന് മുങ്ങൽ വിദഗ്ധരെയടക്കം വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിൽ രാത്രിയോടെ റിഹാനെ കണ്ടെത്തി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A 16-year-old boy died after his ball fell into the sea while playing.

































