കൊച്ചി:( www.truevisionnews.com ) ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി 28 ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും.
കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന ഈ വിജ്ഞാന-വിനോദ ഉച്ചകോടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നു വരെ നാലു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനമാണ് 28ന് നടക്കുക. കിൻഫ്ര കൺവൻഷൻ സെന്ററിലാണ് പ്രധാനമായ രണ്ട് വേദികൾ പ്രവർത്തിക്കുക.
ഐക്യരാഷ്ട്രസഭയുടെ 'പാക്ട് ഫോർ ദ ഫ്യൂച്ചർ' എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ പതിപ്പിന്റെ വൻ വിജയത്തിന് ശേഷം കൂടുതൽ വിപുലമായ രീതിയിലാണ് ഇത്തവണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സംരംഭകത്വം, എർത്ത്, പരിസ്ഥിതി, ഭക്ഷണം, സംസ്കാരം എന്നിങ്ങനെ ഏഴ് വ്യത്യസ്ത മേഖലകളിലായി നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ധർ സംവദിക്കും.
പ്രമുഖ ചിന്തകർക്കും നയരൂപകർത്താക്കൾക്കും ഒപ്പം സാധാരണക്കാരുടെ ശബ്ദത്തിനും ഇത്തവണ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.
നാനൂറിലധികം വിദഗ്ദ്ധർ, ഇരുന്നൂറിലധികം സെഷനുകൾ, അമ്പതിലധികം മാസ്റ്റർ ക്ലാസുകളും വർക്ഷോപ്പുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. പുതിയ തലമുറയുടെ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന 'ജൻസി ലിംഗോ ലാബ്', ബന്ധങ്ങളെക്കുറിച്ചുള്ള 'അരികെ' തുടങ്ങിയ സെഷനുകൾ ഇത്തവണത്തെ പ്രത്യേകതകളാണ്.
കൂടാതെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ പീപ്പിൾസ് സ്റ്റേജ് എന്നൊരു ആശയവും നടപ്പിലാക്കുന്നുണ്ട്.
വിജ്ഞാനത്തിനൊപ്പം വിനോദത്തിനും വലിയ പ്രധാന്യം നൽകുന്ന സമ്മിറ്റിൽ കൊച്ചി ആദ്യമായി സാക്ഷ്യം വഹിക്കുന്ന തുടർച്ചയായ നാലു ദിവസത്തെ ഡ്രോൺ ഷോ പ്രധാന ആകർഷണമായിരിക്കും. ലോകോത്തര വാഹന ബ്രാൻഡുകൾ അണിനിരക്കുന്ന ഫെസ്റ്റിവൽ ഓഫ് സ്പീഡ് എന്ന ഓട്ടോ എക്സ്പോ, നൂതന റോബോട്ടിക്സ് സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന റോബോവേഴ്സ്, ഇ-സ്പോർട്സ് മത്സരങ്ങൾ അരങ്ങേറുന്ന ഗെയിം വേഴ്സ് എന്നിവ സന്ദർശകർക്ക് വേറിട്ട അനുഭവം നൽകും.
കൂടാതെ കേരളത്തിലെ ഉത്സവപ്പറമ്പുകളുടെ പ്രതീതി നൽകുന്ന ഫെസ്റ്റിവൽ വില്ലേജ്, ഫ്ലീ മാർക്കറ്റുകൾ, ഡിസൈൻ ഫെസ്റ്റിവൽ, ഫാഷൻ ഷോ എന്നിവയും സജ്ജമാണ്. തത്സമയ സംഗീത പരിപാടികൾക്കായി നികിത ഗാന്ധി, അറിവ്, യോഗി ശേഖർ തുടങ്ങി അമ്പതിലധികം പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശകളും ഇത്തവണത്തെ മാറ്റുകൂട്ടും. ഭാവിയെ മുൻനിർത്തിയുള്ള ഫ്യൂച്ചർ കേരള മിഷന്റെ പ്രവർത്തനങ്ങൾക്കും കുളവാഴ നിർമാർജനം പോലുള്ള സാമൂഹിക വിഷയങ്ങൾക്കും ഉച്ചകോടി ഊന്നൽ നൽകുന്നുണ്ട്.
The second edition of the Summit of the Future will be held on the 28th.


































.jpeg)