ഇടുക്കി: ( www.truevisionnews.com) കേരള - തമിഴ്നാട് അതിർത്തിയിൽ കുമളിക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ പൂർണ്ണമായും കത്തിനശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
എട്ടു പുരുഷൻമാരും നാല് സ്ത്രീകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് ഏറെ പരിശ്രമിച്ച് തീയണച്ചത്.
വാഹനം ഓടിക്കൊണ്ടിരിക്കെ പുക ഉയരുന്നത് ശ്രദ്ധിച്ച ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തുകയും യാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. എല്ലാവരും പുറത്തിറങ്ങി നിമിഷങ്ങൾക്കകം വാഹനം ആളിപ്പടർന്നു.
യാത്രക്കാർ സുരക്ഷിതരാണെങ്കിലും അവരുടെ വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ബാഗുകൾ പൂർണ്ണമായും കത്തിനശിച്ചു. വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Tempo Traveler caught fire in Kumily; 13 passengers miraculously escaped

































