കൊച്ചി: ( www.truevisionnews.com) ആലുവ എടത്തല എസ്.ഒ.എസിന് സമീപം വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുക്കാട്ടുപടി വള്ളത്തോൾ സ്മാരക ലൈബ്രറിയ്ക്ക് സമീപം പുറമഠത്തിൽ അജിൻ ബിജു (18) ആണ് മരിച്ചത്. എസ്.ഒ.എസിന് സമീപം അജിൻ ഓടിച്ചിരുന്ന ബൈക്ക് ഒരു സ്കൂൾ ബസിൽ തട്ടി സ്വകാര്യ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
അസീസി തെരേസിയൻ അക്കാദമി വിദ്യാർത്ഥിയാണ് അജിൻ. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുക്കാട്ടുപടി സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. അഛൻ: ബിജു വർഗീസ്. അമ്മ: ഷെറിൻ. സഹോദരി: എയ്ഞ്ചല ബിജു.
മറ്റൊരു സംഭവത്തിൽ ചട്ടഞ്ചാൽ തെക്കിൽപ്പറമ്പ 55-ാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ പേർ മരിച്ചു. കർണാടക ദേർളക്കട്ട നാട്ടക്കൽ അക്ബർ മൻസിലിൽ മുഹമ്മദ് ഷഫീഖ് (23), ഉള്ളാൾ ലക്ഷ്മൺ കട്ട സജിപ്പനാടുവിലെ ആഷിഫ് മുഹമ്മദ് (23) എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട കാറിൽ നാലുപേരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാസർകോട്ടുനിന്ന് എത്തിയ അഗ്നിരക്ഷാ സേന സംഘം കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരിക്കേറ്റ ഹാഷിം (23), റിയാസ് (24) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുപ്പിവെള്ള കമ്പനി ഉദ്‌ഘാടനത്തിന്റെ ഭാഗമായി വയനാട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങവേയാണ് അപകടം.
Bike overturns after hitting school bus in Edathala 18 year old student dies tragically in accident


































