കോട്ടയം : ( www.truevisionnews.com ) കോട്ടയത്തെ റബ്ബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സുകളിൽ വൻ മോഷണം. ആളില്ലാതിരുന്ന രണ്ട് ക്വാർട്ടേഴ്സുകളിൽ നിന്നായി ഏകദേശം 73പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. നൂറ് ഏക്കറോളം വിസ്തൃതിയുള്ള ക്യാമ്പസിനുള്ളിൽ സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണമുള്ള മേഖലയിലാണ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ഞെട്ടിച്ചുകൊണ്ട് കവർച്ച നടന്നത്.
റബ്ബർ ബോർഡ് ക്യാമ്പസിനുള്ളിലെ 126 ക്വാർട്ടേഴ്സുകളിൽ അഞ്ചിടത്താണ് മോഷ്ടാക്കൾ കയറിയത്. ഇതിൽ രണ്ട് വീടുകളിൽ നിന്നാണ് സ്വർണം നഷ്ടപ്പെട്ടത്. ഒരു വീട്ടിൽ താമസിച്ചിരുന്നവർ വിദേശത്തും മറ്റൊരു വീട്ടുകാർ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. തുടക്കത്തിൽ 110 പവൻ നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമിക വിവരമെങ്കിലും, പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ 73 പവനോളം നഷ്ടപ്പെട്ടതായി നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രത്യേക അനുമതിയില്ലാതെ വാഹനങ്ങൾക്കോ പുറത്തുള്ളവർക്കോ പ്രവേശിക്കാൻ കഴിയാത്ത അതീവ സുരക്ഷാ മേഖലയാണിത്. 60 വർഷത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഇവിടെയുണ്ടാകുന്നത്. വീട്ടുകാർ സ്ഥലത്തില്ലെന്ന വിവരം കൃത്യമായി അറിയാവുന്നവർ തന്നെയാണോ മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
കഴിഞ്ഞ രാത്രിയിലും സുരക്ഷാ ജീവനക്കാർ ഈ ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു. മതിൽ ചാടിക്കടന്നാണോ അതോ ക്യാമ്പസുമായി ബന്ധമുള്ളവർ തന്നെയാണോ ഇതിന് പിന്നിലെന്ന് ഈസ്റ്റ് പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി, റബ്ബർ ബോർഡ് ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്.
kottayam rubber board quarters robbery gold theft


































