തിരുവനന്തപുരം: (https://truevisionnews.com/) സരലൂരിൽ പൊങ്കൽ ആഘോഷങ്ങൾക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോ ഡ്രൈവർ വെട്ടേറ്റു മരിച്ചു. സരലൂർ സ്വദേശി രമേഷ് (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മണികണ്ഠനെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് നടന്ന കലാപരിപാടികൾക്കിടെയാണ് തർക്കമുണ്ടായത്. പരിപാടിക്കിടെ രമേഷും സംഘവും ബഹളമുണ്ടാക്കിയതിനെ കോട്ടാർ സ്വദേശിയായ മറ്റൊരു ടെമ്പോ ഡ്രൈവർ മുകേഷ് കണ്ണൻ ചോദ്യം ചെയ്തു. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കമാണ് കയ്യേറ്റത്തിലെത്തിയത്. സംഭവത്തിന് പിന്നാലെ മുകേഷ് കണ്ണൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും രമേഷും മണികണ്ഠനും മുകേഷിന്റെ വീട്ടിലെത്തി ഇയാളെ അക്രമിക്കാൻ ശ്രമിച്ചു.
ഇതിൽ പ്രകോപിതനായ മുകേഷ് കണ്ണൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രമേഷിനെ ക്രൂരമായി വെട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തടയാൻ ശ്രമിച്ച മണികണ്ഠനും വെട്ടേറ്റു. രമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കോട്ടാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. രമേഷിന്റെ സഹോദരൻ സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് കണ്ണനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട രമേഷിന്റെ ഭാര്യ രോഗബാധിതയായി കഴിഞ്ഞ മാസമാണ് മരിച്ചത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കളുണ്ട്.
Tempo driver hacked to death, suspect arrested

































