കട്ടക്: ഒഡീഷയിലെ അങ്കുൾ ജില്ലയിൽ സ്ഫോടകവസ്തു വിഴുങ്ങി ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസുള്ള ആനക്കുട്ടി ചത്തു. കാട്ടുപന്നികളെ കെണിവെച്ച് പിടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തു ആനക്കുട്ടി അബദ്ധത്തിൽ കടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ആനക്കുട്ടിയുടെ വായയും ആന്തരാവയവങ്ങളും തകർന്ന നിലയിലായിരുന്നു. ദിവസങ്ങളോളം വേദന അനുഭവിച്ച ശേഷമാണ് ആനക്കുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
ജില്ലയിലെ ബന്തല വനമേഖലയിലെ വനപ്രദേശത്ത് കൂട്ടത്തിനൊപ്പം മേയുമ്പോഴാണ് അറിയാതെ സ്ഫോടക വസ്‌തു വായിലായത്. പൊട്ടിത്തെറിച്ചതോടെ വായിൽ ഗുരുതരമായ പരിക്കേറ്റതിന് പിന്നാലെ ആനക്കുട്ടി കൂട്ടം തെറ്റുകയും ചെയ്തു. വനമേഖലയിൽ വീണുകിടന്ന ആനയെ നാട്ടുകാരാണ് കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് ജനുവരി 15ന് വനംവകുപ്പും വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തി ചികിത്സ നൽകി. എങ്കിലും രക്ഷിക്കാനായില്ല. ഈ അടുത്ത് സത്യമംഗലം ടൈഗർ റിസർവിനകത്തും സമാനമായ സംഭവമുണ്ടായി.
ഒഡിഷയിലെ മയൂർഗഞ്ചിലും കഴിഞ്ഞ മാസം ഭക്ഷണത്തിനകത്ത് ഒളിപ്പിച്ച ബോംബ് വിഴുങ്ങിയ കൊമ്പനാന ചത്തിരുന്നു. കേരളത്തിൽ കാട്ടാന സ്ഫോടക വസ്തു കടിച്ച് ചത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
.
Explosive detonated in the mouth, destroying the mouth and internal organs; the baby elephant met a tragic end



































