കൊല്ലം സുധിയുടെ മക്കൾക്ക് സന്നദ്ധ സംഘടന കിടപ്പാടം ഒരുക്കിയത് ബിഷപ്പ് നോബിൾ ഫിലിപ്പ് ദാനമായി നൽകിയ ഏഴ് സെന്റ് സ്ഥലത്തായിരുന്നു. എന്നാൽ സ്ഥലം ദാനമായി കൊടുത്തതിന്റെ പേരിൽ അന്ന് മുതൽ പലവിധത്തിലുള്ള പരിഹാസവും വിമർശനവും ബിഷപ്പിന് നേരിടേണ്ടി വന്നു.
രേണുവും ബിഷപ്പിനെ പരിഹസിച്ചും വിമർശിച്ചും വീഡിയോകൾ ചെയ്തിരുന്നു. സുഹൃത്തുക്കളെ കൊണ്ട് ബിഷപ്പിന് എതിരെ രേണു അടുത്തിടെ വീഡിയോകൾ ചെയ്യിപ്പിക്കുക കൂടി ചെയ്തതോടെ കൊടുത്ത സ്ഥലം കാൻസൽ ചെയ്യാൻ ബിഷപ്പ് നിയമപരമായി നീങ്ങി.
ഏഴ് ദിവസത്തിനകം ബിഷപ്പിനെ മോശമാക്കുന്ന രീതിയിൽ രേണുവും സുഹൃത്തുക്കളും ചെയ്ത വീഡിയോകൾ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ദാനം കൊടുത്ത സ്ഥലം കാൻസൽ ചെയ്യുമെന്നാണ് വക്കീൽ നോട്ടീസ്.
രേണുവിന്റെ പേരിൽ മാത്രമല്ല സുധിയുടെ മൂത്ത മകൻ കിച്ചുവിനെ കൂടി ഉൾപ്പെടുത്തിയാണ് വക്കീൽ നോട്ടീസ്. രേണുവിന്റെ പ്രവൃത്തികൾ ഇതിലൊന്നും ഭാഗമാകാത്ത കിച്ചുവിന് കൂടി വിനയായി തീർന്നിരിക്കുന്നുവെന്ന് വേണം മനസിലാക്കാൻ. വീട് നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി സംഘടനയ്ക്ക് എതിരേയും ബിഷപ്പ് നോബിൾ ഫിലിപ്പിന് എതിരേയും ഏറ്റവും കൂടുതൽ സംസാരിച്ചത് രേണുവും കുടുംബാംഗങ്ങളുമാണ്.
എന്നാൽ കിച്ചു ഇന്നേവരെ വീടും സ്ഥലവും നൽകിയവരെ നിന്ദിച്ച് സംസാരിച്ചിട്ടില്ല. എന്റെ ക്ലയന്റ് താങ്കളുടെ മക്കളായ രാഹുൽ ദാസ്, റിതുൽ ദാസ് എന്നിവർക്ക് വീട് നിർമിക്കുന്നതിനായി കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ഉൾപ്പെട്ട 06.894 സെന്റ് ഭൂമി സ്വമേധയാ ദാനമായി നൽകി എന്നത് താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
പ്രശസ്ത കലാകാരനായിരുന്ന താങ്കളുടെ ഭർത്താവ് പരേതനായ കൊല്ലം സുധിയുടെ ദുഃഖകരമായ വേർപാടിനെ തുടർന്ന് താങ്കളുടെ കുടുംബം അതീവ മാനസിക സമ്മർദ്ദത്തിലൂടെയും സ്വന്തമായ വാസസ്ഥലം ഇല്ലാത്ത അവസ്ഥയിലൂടെയും കടന്നുപോകുകയായിരുന്ന സാഹചര്യത്തിൽ അഭ്യുദയകാംക്ഷിയുമായും ദാനശീലനുമായ എന്റെ ക്ലയന്റ് യാതൊരു ബാധ്യതയും ഇല്ലാതെ മേൽപ്പറഞ്ഞ ഭൂമി ദാനമായി നൽകുകയുണ്ടായി.
ഇതിനിടെ, താങ്കളും താങ്കളുടെ മുതിർന്ന മകനും താങ്കളുടെ സുഹൃത്തുക്കളും ചേർന്ന്, സമൂഹത്തിലെ സദ്ഭാവനയുള്ള വ്യക്തികളുടെ ഇടയിൽ എന്റെ ക്ലയന്റിന്റെ പ്രതിച്ഛായയ്ക്ക് ഗുരുതരമായ ഹാനി ഉണ്ടാക്കുന്ന തരത്തിൽ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ വീഡിയോകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവരുന്നതായി എന്റെ ക്ലയന്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കൂടാതെ എന്റെ ക്ലയന്റിന്റെ ഭൂമിയുടെ സ്ഥിതിവിവരങ്ങളെയും സൗകര്യങ്ങളെയും കുറിച്ച് അസത്യമായ അവകാശവാദങ്ങൾ ഉന്നയിച്ച് ആ സ്വത്തിന്റെ മൂല്യം ഇടിച്ചുകുറയ്ക്കാനുള്ള ദുഷ്പ്രേരിതമായ ഉദ്ദേശത്തോടെയും താങ്കൾ പ്രവർത്തിച്ചുവരുന്നതായി വ്യക്തമാണ്.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ യാതൊരു ന്യായവുമില്ലാത്തതും നിയമവിരുദ്ധവുമാണ്. താങ്കളും താങ്കളുടെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചേർന്ന് എന്റെ ക്ലയന്റിനെ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടി അശ്ലീലവും അപവാദപരവുമായ വീഡിയോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതുവഴി എന്റെ ക്ലയന്റിന്റെ സാമൂഹിക പ്രതിച്ഛായയ്ക്ക് ഗുരുതരമായി ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു. ഈ വീഡിയോകൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ അവ കാണുകയും ചെയ്തിട്ടുണ്ട്.
താങ്കളുടെ ഭാഗത്ത് നിന്നുള്ള ഈ മുഴുവൻ പ്രവർത്തനങ്ങളും അപകീർത്തിപ്പെടുത്തൽ എന്ന സിവിൽ കുറ്റവും ക്രിമിനൽ കുറ്റവും ആകുന്നു. അതിനാൽ എന്റെ ക്ലയന്റിനെതിരെ ഇനിയും ഇത്തരം അപകീർത്തികരമായതോ അപവാദപരമായതോ ആയ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ഇതിനകം പ്രസിദ്ധീകരിച്ചിരിക്കുന്ന എല്ലാ വീഡിയോകളും ഈ നോട്ടീസ് ലഭിക്കുന്ന തീയതിയിൽ നിന്ന് ഏഴ് ദിവസത്തിനുള്ളിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും താങ്കളോട് ഇതുവഴി ആവശ്യപ്പെടുന്നു.
ഇതിൽ വീഴ്ചവരുത്തുന്ന പക്ഷം താങ്കൾക്കെതിരെ അനുയോജ്യമായ ക്രിമിനൽ നടപടികളും യുക്തമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവിൽ നടപടികളും ആരംഭിക്കുന്നതോടൊപ്പം ദാനപത്രം റദ്ദാക്കുന്നതിനായി നിയമപരമായി ലഭ്യമായ എല്ലാ നടപടികളും എന്റെ ക്ലയന്റ് സ്വീകരിക്കുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും താങ്കൾ തന്നെ വഹിക്കേണ്ടിവരും എന്നാണ് രേണുവിന്റേയും കിച്ചുവിന്റെയും പേരിൽ വന്ന വക്കീൽ നോട്ടീസിന്റെ പരിഭാഷ.
Renusudhi takes back the land given by the bishop, legal notice to Renu and Kichu


































