---
title: "'ആ ഗോസിപ്പുകൾ എന്റെ കുഞ്ഞിനെ ഇല്ലാതാക്കി'; വ്യാജവാർത്തകൾ ജീവിതം തകർത്തതിനെക്കുറിച്ച് അശ്വതി രാഹുൽ"
english_title: "Aswathy Rahul on how fake news ruined her life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345119/aswathy-rahul-on-how-fake-news-ruined-her-life"
published_at: "2026-03-02T13:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a53d264b7dc_Aswathy_Rahul_on_how_fake_news_ruined_her_life.jpg"
keywords: []
---

# 'ആ ഗോസിപ്പുകൾ എന്റെ കുഞ്ഞിനെ ഇല്ലാതാക്കി'; വ്യാജവാർത്തകൾ ജീവിതം തകർത്തതിനെക്കുറിച്ച് അശ്വതി രാഹുൽ

> **Lead Summary:** സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ തങ്ങളുടെ ജീവിതത്തെ എത്രത്തോളം മാരകമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തി ടെലിവിഷൻ താരങ്ങളായ രാഹുൽ രാമചന്ദ്രനും അശ്വതിയും. തങ്ങൾക്കെതിരെ പ്രചരിച്ച അടിസ്ഥാനരഹിതമായ വാർത്തകൾ കാരണം ഒന്നര വർഷത്തോളം വരുമാനമില്ലാതെ ഇരിക്കേണ്ടി വന്നുവെന്നും, ആ കടുത്ത മാനസിക സമ്മർദ്ദത്തിനിടയിൽ തനിക്ക് ഒരു അബോർഷൻ വരെ സംഭവിച്ചുവെന്നും അശ്വതി വെളിപ്പെടുത്തി.

## Article Content

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ തങ്ങളുടെ ജീവിതത്തെ എത്രത്തോളം മാരകമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തി ടെലിവിഷൻ താരങ്ങളായ രാഹുൽ രാമചന്ദ്രനും അശ്വതിയും. തങ്ങൾക്കെതിരെ പ്രചരിച്ച അടിസ്ഥാനരഹിതമായ വാർത്തകൾ കാരണം ഒന്നര വർഷത്തോളം വരുമാനമില്ലാതെ ഇരിക്കേണ്ടി വന്നുവെന്നും, ആ കടുത്ത മാനസിക സമ്മർദ്ദത്തിനിടയിൽ തനിക്ക് ഒരു അബോർഷൻ വരെ സംഭവിച്ചുവെന്നും അശ്വതി വെളിപ്പെടുത്തി.

രാഹുലിനെ അഭിനയിക്കാൻ വിളിച്ചാൽ അശ്വതി പ്രശ്നമുണ്ടാക്കുമെന്നും, മറ്റ് നടിമാർക്കൊപ്പം അഭിനയിക്കുന്നത് ഇരുവരും പരസ്പരം വിലക്കുന്നുവെന്നുമുള്ള പ്രചാരണങ്ങൾ ഇൻഡസ്ട്രിയിൽ പടർന്നതാണ് താരങ്ങൾക്ക് തിരിച്ചടിയായത്. ഇതിനെക്കുറിച്ച് രാഹുൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വേദനിപ്പിക്കുന്ന അനുഭവവുമായി അശ്വതി എത്തിയത്. വ്യാജവാർത്തകൾ വിശ്വസിച്ച് പലരും അവസരങ്ങൾ നിഷേധിച്ചതോടെ സാമ്പത്തികമായും മാനസികമായും തകർന്നുപോയ ഘട്ടത്തിലാണ് കുഞ്ഞിനെ നഷ്ടമായതെന്ന് താരം പറഞ്ഞു.

''ക്യാന്‍സര്‍ ബാധിച്ച് അച്ഛന്‍ മരിച്ചതിന് പിന്നാലെയാണ് ഇന്റസ്ട്രിയില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തത്. മൂന്ന് മാസത്തോളം എവിടെയും ആക്ടീവ് അല്ലായിരുന്നു. അതിന് ശേഷം ഈ അവസ്ഥയില്‍ നിന്നൊന്ന് മാറണം, എന്‍ഗേജ്ഡ് ആവണം എന്ന് കരുതിയാണ് വീണ്ടും പ്രൊജക്ടുകള്‍ ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ ഞങ്ങളെ സംബന്ധിച്ച ‌ഗോസിപ്പുകൾ പ്രചരിക്കുന്നത് അറിഞ്ഞു.

ഒന്നര വര്‍ഷത്തോളം വര്‍ക്കുകളൊന്നും ഇല്ലാതെയായി. അച്ഛന്റെ മരണം, ജോലി ഇല്ലാത്ത അവസ്ഥ, അനാവശ്യമായി പ്രചരിക്കുന്ന ഗോസിപ്പുകള്‍ എല്ലാം കാരണം എനിക്കൊരു മിസ്കാര്യേജ് ഉണ്ടായി. അത്രയധികമായിരുന്നു ആ മാനസിക സമ്മർദം. അതിനിടയിലാണ് ഒരു വരുമാനം എന്ന നിലയില്‍ ഓണ്‍ലൈന്‍ ബിസിനസ് ആരംഭിച്ചത്. അവസാനം ദൈവാനുഗ്രഹം എന്നത് പോലെയാണ് വര്‍ക്ക് കിട്ടിയത്. അത് നല്ല രീതിയില്‍ പോകുമ്പോഴേക്കും വീണ്ടും ഗോസിപ്പ് വന്നു. ഒരു പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ്'', എന്നാണ് അശ്വതി വീഡിയോയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345119/aswathy-rahul-on-how-fake-news-ruined-her-life)