കണ്ണൂര്‍: ( www.truevisionnews.com )മട്ടന്നൂരിൽ വീട് കുത്തിതുറന്ന് 10 പവന്റെ സ്വർണവും പതിനായിരം രൂപയും കവർന്ന കേസിലെ പ്രതി പിടിയിൽ. പാലക്കാട് വട്ടമനപുരം സ്വദേശി നവാസാണ് മാനന്തവാടിയിൽ വച്ച് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് തെരൂരിലെ അടച്ചിട്ട വീട്ടിൽ കവർച്ച നടന്നത്.
കവർച്ചയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മൂന്ന് ദിവസത്തിനുള്ളിലാണ് പ്രതിയെ മട്ടന്നൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ആൾത്താമസമില്ലാത്ത വീട്ടിലേക്ക് മോഷ്ടാവ് എത്തുന്നത്. വീട്ടുകാർ ബാംഗ്ലൂരിലാണ് ഉള്ളത്. പുറത്ത് നിരീക്ഷണം നടത്തിയ ശേഷമാണ് ഇയാൾ അകത്തേക്ക് കയറുന്നത്. ഇതിനിടയിലാണ് പുറത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഇയാളുടെ മുഖമടക്കം വ്യക്തമായി പതിയുന്നത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
എന്നാൽ പൊലീസ് അന്വേഷിക്കുന്ന സമയത്തെല്ലാം ഇയാൾ നിരന്തരം സ്ഥലം മാറിക്കൊണ്ടേയിരുന്നു. ആദ്യം കാസർകോടേയ്ക്കും പിന്നീട് മൈസൂരിലേക്കും പോയി. തുടർന്ന് തിരികെ കേരളത്തിലേക്ക് വരുന്ന വഴി മാനന്തവാടി കാട്ടിക്കുളത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. വീട്ടിൽ നിന്ന് 10 പവന്റെ സ്വർണവും 10000 രൂപയുമാണ് കവർച്ച നടത്തിയത്.
നിരീക്ഷണക്യാമറ ആദ്യം ഇയാളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. പിന്നീട് ക്യാമറ നശിപ്പിക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ക്യാമറയിൽ ആദ്യം തന്നെ പതിഞ്ഞ ദൃശ്യങ്ങൾ കള്ളനിലേക്ക് എത്താൻ പൊലീസിന് സഹായകമായി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
Suspect arrested for breaking into house in Mattannur Kannur stealing 10 pieces of jewellery and 10,000 rupees


































