തിരുവനന്തപുരം : ( www.truevisionnews.com ) ശബരിമല സ്വർണപ്പാളി കേസ് അന്വേഷിക്കുന്ന എസ്ഐടി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടാക്കിയ കഥയാണ് ചോദ്യം ചെയ്യലെന്നായിരുന്നു അടൂർ പ്രകാശിന്റെ പരാമർശം. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതും ഹൈക്കോടതി മുമ്പാകെ തന്നെയാണ്.
അതിൻ്റെ വിവരങ്ങൾ പുറത്തേക്ക് പോകരുതെന്നും കർക്കശമായ കോടതി നിർദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ ഇതിലൊന്നും പങ്കാളിത്തമില്ലെന്നും തീർത്തും അടിസ്ഥാനരഹിതമായ വ്യാജ പ്രചാരണമാണ് യുഡിഎഫ് കൺവീനറുടേതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചത്. പോറ്റിയും കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ട ചിത്രത്തിന്റെ വസ്‌തുതയും തേടും. പോറ്റി ന്യൂഡൽഹിയിൽ സോണിയ ഗാന്ധിയെ സന്ദർശിച്ചപ്പോൾ ഒപ്പം അടൂർ പ്രകാശും ആന്റോ ആന്റണിയുമുണ്ടായിരുന്നു. ആന്റോ ആന്റണിയെയും ചോദ്യംചെയ്യാനായി വിളിപ്പിക്കാൻ സാധ്യതയുണ്ട്.
പോറ്റി സോണിയ ഗാന്ധിയെ ഒന്നിലേറെ തവണ സന്ദർശിച്ചതിന്റെയും ഉപഹാരങ്ങൾ കൈമാറുന്നതിന്റെയും കൈയിൽ ചരട് കെട്ടിക്കൊടുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിലും വ്യക്തത വരുത്തും.
ശബരിമല സ്വർണമോഷണ കേസിൽ ഇതുവരെ 10 പേരാണ് അറസ്‌റ്റിലായി ജയിലിലുള്ളത്. ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്‌ണൻ പോറ്റി. ഇയാൾക്കും കേസിൽ അറസ്‌റ്റിലായ, ദേവസ്വം ബോർഡ് മുൻ ജീവനക്കാരായ മറ്റു ആറുപേർക്കും കോൺഗ്രസുമായി ബന്ധമുണ്ട് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
chief minister office says adoor prakash allegations are untrue





























