(https://moviemax.in/)മലയാള സിനിമയിലെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ മഹേഷ് നാരായണന്റെ മൾട്ടിസ്റ്റാർ ചിത്രമായ "പാട്രിയറ്റ്" ൻ്റെ സെറ്റിൽ പുതുവർഷം ആഘോഷിച്ച് മമ്മൂട്ടി.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം ആഘോഷത്തിൻ്റെ ഭാഗമായത്. മമ്മൂട്ടിക്കൊപ്പം സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആൻ്റോ ജോസഫ് എന്നിവരും ആഘോഷത്തിൻ്റെ ഭാഗമായി.
അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഈ വർഷം വിഷു റിലീസായി എത്തുമെന്നാണ് സൂചന. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന പാട്രിയറ്റ്, അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന്, നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും പാട്രിയറ്റ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കേരളത്തിലെ വിവിധ ലൊക്കേഷനുകൾ, ലഡാക്ക്, ഹൈദരാബാദ്, യുകെ എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ കൊച്ചി ഷെഡ്യൂൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ.
ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.
Mammootty celebrates New Year on the sets of 'Patriot'



































