കഴിഞ്ഞ വർഷം താൻ കടന്നുപോയ പ്രതിസന്ധികളെ ഓർത്തെടുത്ത് നടൻ ആന്റണി വർഗീസ് പെപ്പെ. വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രിയിലും വേദനകൾക്കുമിടയിലായിരുന്നുവെന്ന് താരം സാമൂഹികമാധ്യമത്തിൽ കുറിച്ചു. നവംബറിൽ വാഗമണിൽ നടന്ന ആക്‌സിഡന്റിൽ ഗുരുതര പരിക്കേറ്റ അനുഭവവും താരം പങ്കുവെച്ചു.
ആന്റണി വർഗീസിന്റെ കുറിപ്പിന്റെ പൂർണരൂപം:
ചില കാര്യങ്ങൾ നമ്മളെ കൊല്ലുന്നില്ലെങ്കിൽ കൂടുതൽ ശക്തരാക്കുമെന്ന് പറയാറുണ്ട്. പക്ഷേ, 2025 അതിനെ അക്ഷരാർഥത്തിൽ എടുത്തുവെന്ന് തോന്നുന്നു. ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു.
അങ്ങനെ പോകുമ്പോൾ ആണ് നവംബർ 15-ന്, വാഗമൺ വെച്ച് ഒരു ആക്‌സിഡന്റ് കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ 3 പേരും രക്ഷപെട്ടു.
എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി 'ടോട്ടൽ ലോസ്' ആയി മാറി. പക്ഷെ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി.
വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.
ഒരുവശത്ത്, ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു ഇത്. എന്നാൽ, എല്ലാ ബഹളങ്ങൾക്കിടയിലും ഒരു മാജിക് ഉണ്ടായിരുന്നു. ചില നല്ല കാര്യങ്ങളിലും പ്രവർത്തിക്കാൻ എനിക്ക് 2025-ൽ അവസരം ലഭിച്ചു. മുറിവുണങ്ങാത്ത നിമിഷങ്ങളിൽ ഞാൻ പുതിയവ സൃഷ്ടിക്കുകയും, ചിത്രീകരിക്കുകയും, ഞാൻ എക്കാലവും സ്വപ്‌നം കണ്ട ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുകയുമായിരുന്നു.
അപ്പൊ എല്ലാം പറഞ്ഞപോലെ... പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷെ മനസ്സ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി...
antony varghese pepe accident survival




























