തൃശൂർ: ( www.truevisionnews.com ) മറ്റത്തൂർ പഞ്ചായത്തിലെ കൂട്ട കൂറുമാറ്റത്തിൽ വിമത നേതാക്കളോട് അതൃപ്തി പരസ്യമാക്കിയ പഞ്ചായത്ത് അംഗം അക്ഷയ് സന്തോഷ് രാജിവയ്ക്കും. പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ച് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് കത്ത് നൽകി. തെറ്റ് തിരുത്തി പാർട്ടിക്കൊപ്പം തുടരാനാണ് താല്പര്യമെന്ന് കത്തിൽ പരാമർശം.
പുതിയ മെമ്പർ എന്ന നിലയിൽ കാര്യങ്ങൾ മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് അക്ഷയ് സന്തോഷിൻ്റെ കത്തിൽ പറയുന്നു. വിമത നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. തെറ്റ് തിരുത്തി കോൺഗ്രസിൽ പ്രവർത്തിക്കാനാണ് താല്പര്യമെന്നും കത്തിൽ അറിയിച്ചു.
അതിനിടെ അക്ഷയിനെ വിമത നേതാവ് ടി.എം ചന്ദ്രൻ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. തങ്ങളോടൊപ്പം നിൽക്കണമെന്നും ബിജെപിയുമായി ബന്ധമില്ലെന്ന് പത്രസമ്മേളനത്തിൽ പറയണമെന്നും ചന്ദ്രൻ ആവശ്യപ്പെട്ടു. ഒരുമിച്ചെടുത്ത തീരുമാനത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ഒന്നിച്ചു നിൽക്കണമെന്നും ആവശ്യം. രാജി വെക്കാമെന്ന് അക്ഷയ് അറിയിച്ചപ്പോൾ അതു വേണ്ടെന്നും ചന്ദ്രൻ്റെ നിർബന്ധം.
ബിജെപിയുടെ പിന്തുണയോടുകൂടി പ്രസിഡൻ്റായ ആൾ രാജിവയ്ക്കാതെ കൂടെ വരില്ല എന്നായിരുന്നു അക്ഷയുടെ മറുപടി. വർഗീയ രാഷ്ട്രീയത്തോട് തനിക്ക് താത്പര്യമില്ല. ആൾക്കാർ നോക്കി ചിരിക്കുകയാണ്. താൻ മെമ്പർ സ്ഥാനം രാജിവെക്കാൻ തയാറാണെന്നും അക്ഷയ് പറഞ്ഞിരുന്നു.
വിമത നേതാക്കൾ രാജിസന്നദ്ധത അറിയിച്ചെങ്കിലും ടി. എം ചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ തിരിച്ചെടുക്കരുത് എന്നാവശ്യപ്പെട്ട് ഔദ്യോഗിക പക്ഷവും രംഗത്തെത്തിയിരുന്നു. ഔദ്യോഗിക വിഭാഗം കെപിസിസി നേതൃത്വവുമായി കൂടുതൽ ചർച്ച നടത്തും.
Mass defection in Mattathur Panchayat member Akshay Santosh will resign letter sent to DCC President


































