തിരുവനന്തപുരം: ( www.truevisionnews.com ) തദ്ദേശ തിരഞ്ഞെടുപ്പിൽ വാദപ്രതിപാദങ്ങൾ കഴിഞ്ഞെന്നും പുതിയ ഭരണ സമിതിയുടെ ചുമതലകൾ വലുതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവത്സര ദിനത്തിൽ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചത്.
അതിദാരിദ്ര്യ മുക്തരായവർ എന്ന് സർവേയിലൂടെ കണ്ടെത്തിയവർ തിരികെ പഴയ അവസ്ഥയിലേക്ക് പോകരുത്. ദാരിദ്ര്യ നിർമാർജനത്തിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കു വലിയ പങ്കാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വാദപ്രതിപാദങ്ങൾ കഴിഞ്ഞു. പുതിയ ഭരണ സമിതിയുടെ ചുമതലകൾ വലുതാണ്. മറ്റ് ഭരണനിർമാണ സഭകളിൽനിന്നും വ്യത്യസ്തമായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വേർതിരിവില്ലെന്ന പ്രത്യേകത തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കുണ്ട്.
ഭരണവുമായി ബന്ധപ്പെട്ടുള്ള സ്റ്റാൻഡിങ് കമ്മിറ്റികളിൽ എല്ലാവരും അംഗങ്ങളാണ്. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യം മുൻനിർത്തി ഒരുമിച്ച് എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയണം. ലൈഫ് ഭവന പദ്ധതിയിൽ 5 ലക്ഷം വീടുകൾ എന്ന നേട്ടം അടുത്ത മാസം പൂർത്തിയാകും. കൂടുതൽ ഭവന രഹിതർക്കുള്ള അടച്ചുറപ്പുള്ള സുരക്ഷിത ഭവനം നൽകാൻ അശ്രാന്ത പരിശ്രമം വേണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇതിൽ ശ്രദ്ധിക്കണം.
പാലിയേറ്റീവ് പരിചരണ നയം ആദ്യമായി പ്രഖ്യാപിച്ചത് കേരള സംസ്ഥാനമാണ്. നിലവിൽ സംസ്ഥാനത്ത് 1142 പാലിയേറ്റീവ് ഹോം കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സാർവത്രികമായ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നതിനായി കേരള കെയർ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരുമിച്ചാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. വോളന്റിയർമാരുടെ സേവനം കൂടി ഉറപ്പാക്കി പ്രവർത്തനം മികവുറ്റതാക്കും.
cm pinarayi vijayan press meet




























