മാരാരിക്കുളം: (https://truevisionnews.com/) ആലപ്പുഴ മാരാരിക്കുളത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം മറ്റുള്ളവരോട് പറഞ്ഞു എന്ന വിരോധത്താൽ 68 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ.
കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ കളത്തിവീട് (ജിഷ്ണു ഭവനം) ജിഷ്ണുവിനെയാണ് (27) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29-ന് രാത്രി 10 മണിയോടെ മാരാരിക്കുളം കാരിക്കുഴി മഹാവിഷ്ണു ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള ഗംഗാ വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.
പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം നാട്ടുകാരോട് വെളിപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായത്. വയോധികനെ മാരകമായി കുത്തിപ്പരിക്കേല്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിന്തുടരുകയും 30-ാം തീയതി അമ്പലപ്പുഴയിൽ വെച്ച് പിടികൂടുകയുമായിരുന്നു.
ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇടത് വാരിയെല്ലിന് താഴെ ആഴത്തിലുള്ള രണ്ട് മുറിവുകളും വലത് തോളിന് മുകളിൽ ഒരു മുറിവും കൈവിരലുകൾക്ക് പരിക്കുമുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം.
പിടിയിലായ ജിഷ്ണു മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. 15 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കൊല്ലം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരെ നിലവിൽ വാറണ്ട് നിലവിലുണ്ട്.
മാരാരിക്കുളം പൊലീസ് ഇൻസ്പെക്ടർ മോഹിത് പി കെ, സബ് ഇൻസ്പെക്ടർമാരായ അജികുമാർ, രംഗപ്രസാദ്, എ എസ്ഐമാരായ മിനി, മഞ്ജുഷ, സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Elderly man stabbed after confessing to cannabis use


































