തൃശ്ശൂർ: ( www.truevisionnews.com ) മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ച് ലാലി ജയിംസ്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും അവർ പറഞ്ഞു.
പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്.
തന്നെ മേയർ ആക്കില്ലെന്ന് അറിഞ്ഞപ്പോൾ തേറമ്പലിനെ പോയി കണ്ടിരുന്നു. തന്റെ മകൾ തേറമ്പിലിനോട് വേദനയോടുകൂടി ചോദിച്ചപ്പോൾ ചങ്ക് പിടഞ്ഞു പോയി.
കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
'മാത്യു കുഴൽനാടൻ എംഎൽഎ നിജി ജസ്റ്റിന് വേണ്ടി സംസാരിച്ചു എന്ന് പറയുന്നു. അവർ യൂത്ത് കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിച്ചു'വെന്നും പറയുന്നു എന്നും ലാലി പ്രതികരിച്ചു. ദീപാ ദാസ് മുൻഷി നിജി ജസ്റ്റിനായി പറഞ്ഞു എന്ന് പറയുമ്പോൾ ഇവിടെ നിന്നാണ് അങ്ങോട്ട് വഴിവെട്ടി കൊടുത്തതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ലാലി വ്യക്തമാക്കി. കെ സി വേണുഗോപാൽ ഗ്രൂപ്പിൻ്റെ ഗ്രൂപ്പ് യോഗം നടക്കുന്നത് നിജിയുടെ വീട്ടിലാണെന്ന് കേട്ടിട്ടുണ്ടെന്നും ലാലി വെളിപ്പെടുത്തി.
നാല് തവണ കൗൺസിലറായി വിജയിച്ച ലാലി ജെയിംസിൻ്റെ പേര് കൗൺസിലർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഡോ. നിജി ജസ്റ്റിനെയാണ് കോൺഗ്രസ് മേയർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ലാലി ജെയിംസ് രംഗത്തെത്തിയിരിക്കുന്നത്.
lali james dissatisfaction with thrissur mayors announcement


































