---
title: "ഗ്യാസ് ടാങ്കര്‍ എന്ന് വിളിച്ച് കളിയാക്കി,  മനസ്സ് തുറന്ന്  റാഷി ഖന്ന  "
english_title: "There are those who mock it by calling it a gas tanker; Rashi Khanna opened her mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33303/there-are-those-who-mock-it-by-calling-it-a-gas-tanker-rashi-khanna-opened-her-mind"
published_at: "2022-03-22T19:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239d9fc7987a_rafi.jpg"
keywords: []
---

# ഗ്യാസ് ടാങ്കര്‍ എന്ന് വിളിച്ച് കളിയാക്കി,  മനസ്സ് തുറന്ന്  റാഷി ഖന്ന  

> **Lead Summary:** താരങ്ങളെ സംബന്ധിച്ച് പലപ്പോഴും നേരിടേണ്ടി വരുന്നതാണ് ബോഡി ഷെയ്മിംഗ് എന്നത്. പ്രത്യേകിച്ചും നായികമാര്‍ക്ക്. നായിക എന്ന ഇങ്ങനെയായിരിക്കണം എന്നൊരു പൊതു ധാരണയുണ്ട്. തടി അധികമുണ്ടാകാന്‍ പാടില്ല, വെളുത്ത നിറമായിരിക്കണം എന്നിങ്ങനെ ഒരുപാട് പൊതു ധാരണകള്‍ സമൂഹത്തിലും സിനിമാ മേഖലയിലും നിലനില്‍ക്കുന്നുണ്ട്. 

## Article Content

താരങ്ങളെ സംബന്ധിച്ച് പലപ്പോഴും നേരിടേണ്ടി വരുന്നതാണ് ബോഡി ഷെയ്മിംഗ് എന്നത്. പ്രത്യേകിച്ചും നായികമാര്‍ക്ക്. നായിക എന്ന ഇങ്ങനെയായിരിക്കണം എന്നൊരു പൊതു ധാരണയുണ്ട്. തടി അധികമുണ്ടാകാന്‍ പാടില്ല, വെളുത്ത നിറമായിരിക്കണം എന്നിങ്ങനെ ഒരുപാട് പൊതു ധാരണകള്‍ സമൂഹത്തിലും സിനിമാ മേഖലയിലും നിലനില്‍ക്കുന്നുണ്ട്. 

ഇപ്പോഴിതാ താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി റാഷി ഖന്ന. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റാഷി ഖന്ന. ഈയ്യടുത്ത് മലയാളത്തിലും അരങ്ങേറിയ റാഷി ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

ഒരു അഭിമുഖത്തിലാണ് താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് റാഷി വെളിപ്പെടുത്തിയത്. കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയത്. 

''തുടക്കകാലത്തായിരുന്നു ഏറ്റവും മോശം അനുഭവങ്ങളുണ്ടായിരുന്നത്. തുടക്കകാലത്ത് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തടിയുടെ പേരിലായിരുന്നു അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഞാന്‍ ഗ്യാസ് ടാങ്കര്‍ ആണെന്നായിരുന്നു സൗത്തില്‍ അവര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഞാന്‍ അന്നൊന്നും ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല. മുഖ്യധാരയിലുള്ളവരെ അപേക്ഷിച്ച് എനിക്ക് തടിയുണ്ടായിരുന്നു. പക്ഷെ പിന്നീട് ഞാന്‍ ഫിറ്റായി മാറി. ആരേയും സന്തോഷിപ്പിക്കാനായിരുന്നില്ല. എന്റെ ജോലിയ്ക്ക് അത് ആവശ്യമായിരുന്നു. ഓണ്‍ലൈന്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഞാന്‍ അതൊന്നും ഗൗനിച്ചിരുന്നില്ല. നിങ്ങള്‍ക്ക് തോന്നുന്നത് പറഞ്ഞോളൂ എന്നായിരുന്നു എന്റെ നിലപാട്'' എന്നാണ് റാഷി പറയുന്നത്.

തടിയുള്ളവരുടെ കഴിവ് കാണില്ലെന്നും അവരോട് എന്നും മോശമായി മാത്രമേ പെരുമാറാറുള്ളൂവെന്നുമാണ് റാഷി പറയുന്നത്. ''നിങ്ങള്‍ ശ്രദ്ധ നല്‍കേണ്ടവരല്ല ഇവരൊന്നു. സ്വന്തം ജീവിതത്തില്‍ നിരാശരായവരായിക്കാം അവര്‍. താരങ്ങള്‍ അവര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ സാധിക്കുന്ന ഇരകളാണ്.

ഈ താരത്തെ എടുക്കാം, മോശമായി എഴുതാം എന്ന് കരുതുന്നവരാണ്. അവര്‍ക്ക് അതിലൂടെയാണ് സന്തോഷം ലഭിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഞാന്‍ ആരുടെയോ സന്തോഷത്തിനും കാരണമാവുകയാണ്. നിനക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ നീ എഴുതിക്കോ'' എന്നും റാഷി ഖന്ന പറയുന്നു.

താന്‍ പിസിഒഡിയുടെ പ്രശ്‌നങ്ങളും അനുഭവിച്ചിരുന്നുവെന്നാണ് റാഷി ഖന്ന പറയുന്നത്. അതിനാല്‍ വണ്ണം നിയന്ത്രിക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസമായിരുന്നുവെന്നാണ് റാഷി പറയുന്നത്. ''ഇവരെന്തിനാണ് ഇത് ഇത്രയും കാര്യമാക്കി എടുക്കുന്നതെന്നായിരുന്നു ആദ്യം കരുതിയത്.

ഞാന്‍ ഇപ്പോഴും നന്നായി അല്ലേ അഭിനയിക്കുന്നത്. എനിക്ക് പിസിഒഡിയുടെ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ അത് ആര്‍ക്കും അറിയില്ലായിരുന്നു. അവര്‍ പറയുന്നത് സ്‌ക്രീനില്‍ കാണുന്നത് എന്താണോ അത് മാത്രമാണ്. ആദ്യമൊക്കെ വിഷമമായെങ്കിലും പിന്നെ ഞാന്‍ ഗൗനിക്കാതെയായി'' എന്നാണ് റാഷി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33303/there-are-those-who-mock-it-by-calling-it-a-gas-tanker-rashi-khanna-opened-her-mind)