കൊച്ചി: ( www.truevisionnews.com ) കൊച്ചി മേയറെ തീരുമാനിച്ചതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മാത്യു കുഴൽനാടൻ. ഭൂരിക്ഷമാണ് മാനദണ്ഡമെങ്കിൽ ഇനിയങ്ങോട്ട് എല്ലാ കാര്യത്തിലും അങ്ങനെ വേണമെന്ന് കുഴൽനാടൻ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം നോക്കിയായിരുന്നില്ല കോൺഗ്രസ് തീരുമാനമെടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരിടത്തൊരുനീതി, മറ്റൊരിടത്ത് വേറൊരു നീതി പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കാര്യത്തിലും കീറിക്കെട്ടി ഭൂരിപക്ഷം പരിശോധിക്കുന്ന രീതി മാനദണ്ഡമാകുകയാണോ എന്നെനിക്കറിയില്ല. സ്വീകാര്യത എന്ന് പറയുന്നത് പലരീതിയിലാണ്. സംഘടനാ രംഗത്ത് നിൽക്കുന്നവർക്ക് സ്വാഭാവികമായി പല രീതിയിൽ എതിർപ്പ് നേരിടേണ്ടി വരും. പാർട്ടിക്കകത്ത് ബൈലാറ്ററലായിട്ട് വരുന്നവരുണ്ട്.
അവർക്ക് അങ്ങനെയുള്ള എതിർപ്പുണ്ടായിരിക്കില്ല. അവർക്ക് പാർട്ടിയുടെ ഡിസിഷൻ മേക്കിങ്ങിൽ പങ്കുണ്ടാകാത്തതിനാലാണ് എതിർപ്പില്ലാത്തതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. നേരത്തെ, കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ എറണാകുളം ഡി സി സിക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയ ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കുഴൽനാടൻ അഭിപ്രായപ്പെട്ടത്. ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഴൽനാടൻ കുറിച്ചു. വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കുവച്ചകൊണ്ടുള്ള പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധമാണ് ദീപ്തി പരസ്യമായി പങ്കുവച്ചത്. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതിയും നൽകി.
mathew kuzhalnadan against vd satheesan




























