ശബരിമല : (https://truevisionnews.com/) പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം തീർഥാടകരെ മാത്രം അനുവദിക്കും. എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് നൽകില്ല.
സത്രം, പുല്ലുമേട് കാനനപാത വഴിയുള്ള തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. വെർച്വൽ ക്യൂ വഴി എത്തുന്ന തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല.
പ്രകൃതിഭംഗി കണ്ട് സന്നിധാനത്ത് എത്തി ദർശനം നടത്താൻ നിരവധി തീർഥാടകരാണ് പുല്ലുമേട് പാത തിരഞ്ഞെടുക്കുന്നത്. പുല്ലുമേടുകൾക്കു പുറമേ കുത്തനെ കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ വരുന്നതാണ് പുല്ലുമേട് കാനനപാത.
രാവിലെ 7ന് സത്രത്തിൽ നിന്നു തീർഥാടകരെ കടത്തിവിടും. ഉച്ചക്ക് 12 ന് അവസാനിപ്പിക്കും. വൈകിട്ട് 5 ആകുമ്പോഴേക്കും കാട്ടിലെ വെളിച്ചം കുറയും. കുട്ടികൾക്കും പ്രായമായവർക്കും വെളിച്ചം പോകുന്നതിനു മുൻപ് നടന്ന് സന്നിധാനത്ത് എത്താൻ കഴിയാറില്ല.
അതിനാൽ രാത്രി ഇവരെ സന്നിധാനത്ത് എത്തിക്കാൻ പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാ സേന, ദേശീയ ദുരന്ത നിവാരണസേന എന്നിവരെ അയക്കും. എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നൽകില്ല.
മറിച്ചുള്ള പ്രചാരണം ശരിയല്ലന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇത്തരത്തിൽ ഒരു പാസും നിലവിൽ എരുമേലി പരമ്പരാഗതപാത വഴി എത്തുന്ന തീർഥാടകർക്ക് നൽകുന്നില്ല. പാസ് ഏർപ്പെടുത്തണമെന്ന ആവശ്യം അവലോകന യോഗത്തിൽ ഉയർന്നിരുന്നു.
Spot booking for only 1000 pilgrims along the Pullumedu route


































