കോഴിക്കോട് : ( www.truevisionnews.com) വഖഫ് ബോർഡ് രജിസ്റ്ററിൽ ഇല്ലാതിരുന്ന വ്യാജ ആധാരങ്ങൾ, ജനറൽ ബോഡി നടന്നതായി കാണിച്ചുകൊണ്ടു സൃഷ്ടിച്ച കൃത്രിമ മിനുട്സ് രേഖകൾ എന്നിവ ഉപയോഗിച്ച് രണ്ട് കോടി ദേശീയപാത നഷ്ടപരിഹാരത്തുക തട്ടിയെടുത്ത സംഭവത്തിലും, അനുബന്ധ രേഖകളുടെ പിൻബലമില്ലാതെ 22.5 കോടി രൂപയുടെ വഖഫ് ഫണ്ട് ക്രമക്കേട് നടത്തിയതിലും വഖഫ് ബോർഡ് മെമ്പർമാർക്കെതിരെയും ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾക്കെതിരെയും വിശദമായ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും, വടകര ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസ് ലോക്കൽ പോലീസിൽ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഡിജിപി മുമ്പാകെ പരാതി നൽകിയതായി കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണ സമിതി കൺവീനർ സാലിം പുനത്തിൽ, ചോമ്പാല വലിയകത്ത് കരകെട്ടി കുഞ്ഞിത്തറുവയ് ഹാജി കുടുംബ ട്രസ്റ്റ് സെക്രട്ടറി ഉമ്മർ പുളിഞ്ഞോളി എന്നിവരാണ് ഡിജിപി രവത ചന്ദ്രശേഖർ മുമ്പാകെ പരാതി നൽകിയത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോമ്പാല കുഞ്ഞിപ്പള്ളി വഖഫിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് വഖഫ് ബോർഡ് മെമ്പർമാരും കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഗൂഢാലോചന നടത്തിയത്.
കേരള സംസ്ഥാന വഖഫ് ബോർഡിൽ 608 RA നമ്പറായി രജിസ്റ്റർ ചെയ്ത ചോമ്പാല കുഞ്ഞിപ്പള്ളി വലിയ കത്ത് കരകെട്ടി കുടുംബ സ്വത്ത് അന്യായമായി തട്ടിയെടുത്ത് കൈവശം വച്ച് വരുന്ന ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിക്കെതിരെ 2019 മുതൽ കേസ് നടപടികൾ നടന്നുവരുന്നുണ്ട്. പ്രസ്തുത സ്വത്ത് സംബന്ധിച്ച് നിയമപരമായ അവകാശികൾ അറിയാതെ സൃഷ്ടിച്ച വ്യാജ ആധാരങ്ങൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിലും കേസ് നിലവിലുണ്ട്.
ചോമ്പാല വലിയകത്ത് കരകെട്ടി തറവാട് വകയുള്ള പ്രസ്തുത സ്വത്ത് സംബന്ധിച്ച് അഴിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ റജിസ്റ്റർ ചെയ്ത വിവിധ ആധാരങ്ങൾ നിലവിലുണ്ട്. ഇതുപ്രകാരം അവകാശമുള്ളവരെ മറച്ചുവെച്ചുകൊണ്ടാണ് നിയമവിരുദ്ധമായ രീതിയിൽ നഷ്ടപരിഹാരത്തുക തട്ടിയെടുത്തത്. ഇതിനുവേണ്ടി മുമ്പ് വഖഫ് രജിസ്റ്ററിൽ ഇല്ലാതിരുന്ന വ്യാജ ആധാരങ്ങൾ ബോർഡ് മെമ്പർമാരായ അഡ്വ.പി വി സൈനുദ്ധീൻ, എം സി മായിൻ ഹാജി, മുൻ ഡിവിഷണൽ ഓഫീസർ റഹ്മത്തുള്ള നാലകത്ത് എന്നിവരും കമ്മറ്റി ഭാരവാഹികളായ ടി ജി ഇസ്മയിൽ, അൻവർ ഹാജി, ടി ജി നാസർ, ഇസ്മയിൽ എം, ചെറിയ കോയ തങ്ങൾ എന്നിവർ ചേർന്ന് രജിസ്റ്ററിൽ ചേർക്കുകയായിരുന്നു.
ഇതിനെതിരെയും വഖഫ് ബോർഡ് മുമ്പാകെ പരാതിയുണ്ട്. കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ 9 വർഷത്തെ 22.5 കോടി രൂപയുടെ വരവ് ചെലവ് കണക്കുകളും നിയമവിരുദ്ധമായ രീതിയിൽ പാസാക്കിയെടുക്കാൻ വഖഫ് ബോർഡ് മെമ്പർമാർ കൂട്ടുനിന്നതായും പരാതിയിൽ പറയുന്നു. കമ്മറ്റി ഭാരവാഹികളും ഓഫീസ് എക്കൗണ്ടൻ്റ് നൗഷാദ് മാളിയേക്കൽ കമ്മറ്റി കണക്കുകൾ ഓഡിറ്റ് ചെയ്യുന്ന അബ്ബാസലി & കമ്പനി എന്നിവരാണ് ഭരണഘടന വിരുദ്ധമായി കണക്കുകൾ തട്ടിക്കൂട്ടിയത്.
ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ പേരിൽ 21 അക്കൗണ്ടുകൾ നിലവിലുണ്ടെങ്കിലും 5 അക്കൗണ്ടുകൾ മാത്രമാണ് വഖഫ് ബോർഡ് മുമ്പാകെ കാണിച്ചിരിക്കുന്നത്. 16 അക്കൗണ്ടുകൾ മറച്ചുവെച്ച് വഖഫ് ഫണ്ട് ബോർഡ് മെമ്പർമാരുടെ ഒത്താശയോടെ വഖഫ് ഫണ്ട് തിരിമറി നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് നടന്ന ഗൂഢാലോചന അടക്കം അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ദേശീയപാത നഷ്ടപരിഹാരത്തുക തട്ടിയെടുക്കാൻ വേണ്ടി വിളിച്ചു ചേർത്തിട്ടില്ലാത്ത ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെ ജനറൽ ബോഡി ചേർന്നതായി 169 പേരുടെ വ്യാജ ഒപ്പിട്ട് മിനിറ്റ്സ് തയ്യാറാക്കി എൽഎഎൻഎച്ച് ഓഫീസിൽ ഹാജരാക്കിയത് സംബന്ധിച്ച് വടകര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവുപ്രകാരം ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസ് ലോക്കൽ പോലീസിൽ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
തട്ടിയെടുത്ത തുക രണ്ടുകോടിലധികമായതിനാൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് നിയമം. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഡിജിപി ഉറപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സാലിം പുനത്തിൽ, ഉമ്മർ പുളിഞ്ഞോളി, അലി എരിക്കിൽ സംബന്ധിച്ചു.
Waqf Board register, case of embezzlement of Rs 2 crore, complaint to DGP


































