( https://moviemax.in/) ആമിർ ഖാൻ, ഊർമിള മതോണ്ട്കർ, ജാക്കി ഷ്‌റോഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാം ഗോപാൽ വർമ ഒരുക്കിയ സിനിമയാണ് രംഗീല. ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റായിരുന്നു.
സിനിമയിലെ ഗാനങ്ങൾ എല്ലാം കൊറിയോഗ്രഫി ചെയ്തത് പ്രശസ്ത കൊറിയോഗ്രാഫറായിരുന്ന സരോജ് ഖാനാണ്. പക്ഷേ ചില ദിവസങ്ങളിൽ സരോജ് തന്റെ സഹായിയായിരുന്ന അഹ്മദ് ഖാനെയാണ് കൊറിയോഗ്രഫിക്കായി അയച്ചത്. സിനിമയിലെ 'ഹായ് റാമാ' എന്ന പാട്ടിന്റെ ചിത്രീകരണത്തിന് മേൽനോട്ടം വഹിച്ചതും അന്ന് 19 വയസ്സുള്ള അഹ്മദാണ്. ഇപ്പോഴിതാ പാട്ടുചിത്രീകരണത്തിനിടയിലെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് അഹ്മദ് ഖാൻ. നടിയായ ഊർമിളയെ നടൻ ജാക്കി ഷ്‌റോഫ് എടുത്ത് കറക്കുന്ന രംഗത്തിൽ നടിയുടെ കൈയ്ക്ക് പരിക്കേറ്റ സംഭവം ഓർക്കുകയാണ് അഹ്മദ് ഖാൻ.
'ജഗ്ഗു ദായെ (ജാക്കി ഷ്‌റോഫ്) കാണുമ്പോൾ വളരെ റഫ് ആയിട്ടുള്ള മനുഷ്യനാണെന്ന് തോന്നും. പക്ഷേ സത്യത്തിൽ അങ്ങനെയല്ല. വളരെ സൗമ്യനായ വ്യക്തിയാണ്. ചിത്രീകരണത്തിനിടയിൽ ഊർമിളയെ കറക്കേണ്ടിയിരുന്നു. ജാക്കി ഊർമിളയെ പിടിച്ചുകറക്കിയപ്പോൾ അവരുടെ കൈയിൽ മുറിവേറ്റു. ഊർമിളയെ സൗമ്യമായി കറക്കണമെന്ന് ജാക്കിയോട് പറയാൻ എനിക്ക് പേടിയായിരുന്നു. ഊർമിളയും രണ്ടുമൂന്നുതവണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു', അഹ്മദിന്റെ വാക്കുകൾ.
32 ലക്ഷം ഓഡിയോ കാസറ്റുകളാണ് സിനിമയുടെതായി അന്ന് വിറ്റുപോയത്. ആ വർഷത്തെ ഏറ്റവും മികച്ച ആൽബങ്ങളിലൊന്നായി അത് മാറി. എ ആർ റഹ്മാന്റെ ആദ്യബോളിവുഡ് ചിത്രം കൂടിയാണ് 'രംഗീല'. ഇതിലെ സംഗീതത്തിന് മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരവും റഹ്മാന് ലഭിച്ചു. ഊർമിള മധോൺകറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി ഇന്നും കണക്കാക്കപ്പെടുന്നതും രംഗീലയാണ്. 33.4 കോടി രൂപയാണ് സിനിമ അന്ന് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. 1995 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രമായിരുന്നു ഇത്.
Urmila's hand was cut during the shooting of a song scene in Ram Gopal Varma's film, Rangeela

































