( moviemax.in )സമാന്തയുടെയും സംവിധായകൻ രാജ് നിദിമോരുവിന്റേയും വിവാഹത്തിന് പിന്നാലെ സമാന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചൊരു പോസ്‌റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നു. വിവാഹത്തെക്കുറിച്ചോ സമാന്തയെക്കുറിച്ചോ ഒരു വാക്ക് പോലും പോസ്‌റ്റിൽ ഇല്ല, പകരം കലയോടുള്ള ആത്മാർത്ഥതയെക്കുറിച്ചും അത് പ്രേക്ഷകരിലേക്ക് എങ്ങനെ എത്തുന്നു എന്നതിനെക്കുറിച്ചുമെല്ലാം നാഗ ചൈതന്യ പറയുന്നുണ്ട്. ജീവിതത്തിൽ ഇപ്പോൾ പ്രധാനം കരിയറാണെന്ന് ചൈതന്യ ഈ പോസ്റ്റിലൂടെ ഉറക്കെ പ്രഖ്യാപിക്കുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.
"ഒരു അഭിനേതാവ് എന്ന നിലയിൽ, സർഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതിൽ നിങ്ങളുടെ കഴിവിൻ്റെ പരമാവധി നൽകുകയും ചെയ്താൽ... പ്രേക്ഷകർ അത് സ്വീകരിക്കുമെന്ന് 'ദുത്ത' തെളിയിച്ചു. അവർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ആ ഊർജം നിങ്ങൾക്ക് തിരികെ നൽകുകയും ചെയ്യും. നന്ദി! ദൂത്തയുടെ 2 വർഷങ്ങൾ! ഇത് യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച മുഴുവൻ ടീമിനും സ്നേഹം." ഇങ്ങനെയാണ് പോസ്റ്റിൽ നൽകിയ വാചകം.
എന്നാൽ നാഗ ചൈതന്യയുടെ പോസ്‌റ്റിന് താഴെ കമന്റുകളുടെ ബഹളം തന്നെയായിരുന്നു. അഭിനന്ദനം അറിയിച്ചവർക്കൊപ്പം വിവാഹത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനെത്തിയവരും കുറവായിരുന്നില്ല. 'തങ്ങൾ ഒരു വജ്രത്തെ നഷ്ടപ്പെടുത്തി' എന്ന രീതിയിലുള്ള കമൻ്റാണ് പലരും ആവർത്തിച്ച് കുറിച്ചത്. വിവാഹ വാർത്തയോട് ഒരു പ്രതികരണവും നൽകാതെ കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച നാഗ ചൈതന്യയുടെ ഈ കുറിപ്പ് ശക്തമായ പ്രഖ്യാപനമായാണ് ആരാധകർ ഏറ്റെടുത്തത്.
ഒരുകാലത്ത് തെലുങ്ക് സിനിമയിലെ സ്വപ്‌ന ജോഡികളായിരുന്ന സമാന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2017-ൽ വിവാഹിതരായെങ്കിലും 2021 ൽ ഇരുവരും വേർപിരിഞ്ഞത് സിനിമാലോകത്തിന് ഞെട്ടലായിരുന്നു. വേർപിരിയലിന് ശേഷം ഇരുവരുടെയും ജീവിതത്തിലെ പുതിയ അധ്യായങ്ങളാണ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയത്.
സമാന്തയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും ഡേറ്റിങിലാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അധികം താമസിയാതെ ഇരുവരും വിവാഹിതരായി. ഇപ്പോൾ സാമന്തയും തൻ്റെ ജീവിതത്തിൽ പുതിയ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്.
Samantha, Naga Chaitanya, Raj Nidimoru































