ആലപ്പുഴ: ( www.truevisionnews.com ) ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവ ദിനമായ ഡിസംബർ നാല് വ്യാഴാഴ്ച ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.
വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളിലാണ് ചക്കുളത്ത് കാവിൽ പൊങ്കാല അര്‍പ്പിക്കുന്നത്. പൊങ്കാലയ്ക്കായി പതിനായിരങ്ങളാണ് ചക്കുളത്ത് കാവിൽ എല്ലാ വര്‍ഷവും എത്തിച്ചേരാറുള്ളത്. കൈയില്‍ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളും നാവില്‍ ദേവീസ്തുതികളുമായി നാനാദേശങ്ങളില്‍ നിന്നായി നേരത്തെ തന്നെ ഭക്തര്‍ ക്ഷേത്രാങ്കണത്തില്‍ ഇടം പിടിക്കും.
ക്ഷേത്രത്തില്‍ നിന്ന് മുളക്കുഴ, ഇടിഞ്ഞില്ലം - തിരുവല്ല, വള്ളംകുളം - കറ്റോട്, ചെന്നിത്തല - പൊടിയാടി, വീയപുരം, പച്ച - എടത്വാ, മുട്ടാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിവിധ റോഡരികുകളിലൂടെ പൊങ്കാലര്‍പ്പണം നടക്കും.
അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായാണ് ഭക്തര്‍ ചക്കുളത്തമ്മയ്ക്കു പൊങ്കാലയിടുന്നതെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ പൊങ്കാലയിടാനെത്താറുണ്ട്.
ഭക്തരുടെ സൗകര്യര്‍ത്ഥം സ്ഥിരം സര്‍വീസിന് പുറമെ വിവിധ ഡിപ്പോകളില്‍ നിന്നായി നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.
ഭക്തരെ സഹായിക്കാനായി വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളും ഒരുങ്ങുന്നുണ്ട്. പൊലീസുകാരും ക്ഷേത്ര വൊളന്റിയര്‍മാരും ഭക്തരുടെ സേവനത്തിന് സജ്ജമായി ഒരുങ്ങും.
Thursday is a local holiday in Alappuzha district, Chakkulathkavu Pongala festival































.jpeg)

