( moviemax.in ) അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവുമധികം വൈറലായ നടിയാണ് ഗിരിജാ ഓക്ക്. നീല സാരിയുടുത്ത സ്ത്രീ എന്നപേരിൽ ഗിരിജയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമത്തിൽ നിറഞ്ഞു.
ഒരുമാസം മുമ്പ് നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് റീൽസായി പ്രചരിച്ചതും ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടിയതും. ഇന്ത്യൻ മോണിക്ക ബലൂച്ചിയെന്നും ഹോളിവുഡ് നടി സിഡ്നി സ്വീനിക്ക് ഇന്ത്യയുടെ മറുപടിയെന്നുമൊക്കെ വിശേഷണങ്ങൾ ഉയർന്നു. എന്നാൽ ഒരൊറ്റ രാത്രി കൊണ്ടുണ്ടായ ഈ പ്രശസ്തി തനിക്ക് ചില മോശം അനുഭവങ്ങളും നൽകിയെന്ന് പറയുകയാണ് ഗിരിജ.
സാമൂഹികമാധ്യമങ്ങളിലൂടെ തനിക്ക് നിരവധി മോശം മെസേജുകളാണ് വരുന്നതെന്ന് മുപ്പത്തിയേഴുകാരിയായ ഗിരിജ പറയുന്നു. നിനക്കുവേണ്ടി എന്തുംചെയ്യാം ഒരു ചാൻസ് തരൂ എന്നാണ് ഒരാൾ അയച്ചത്. ഒരുമണിക്കൂർ നിങ്ങൾക്കൊപ്പം ചെലവഴിക്കാൻ എത്രരൂപ തരണം എന്ന് ചോദിച്ചയാളും ഉണ്ട്. അത്തരത്തിലുള്ള നിരവധി മെസേജുകളാണ് വരുന്നത്.
ഇതേ മനുഷ്യർ എന്നെ യഥാർഥ ജീവിതത്തിൽ കണ്ടാൽ നോക്കുകപോലുമില്ല. ഒരു മറയ്ക്കുപിന്നിലിരുന്ന് ആളുകൾ എന്തും പറയും. നിങ്ങൾക്ക് മുമ്പിലാണെങ്കിൽ സ്നേഹത്തോടെയും ബഹുമാനത്തോടെയുമേ സംസാരിക്കൂ- ഇത് വളരെ വിചിത്രമായ ലോകമാണ്. - ഗിരിജ പറയുന്നു.
പ്രശസ്തി വന്നുവെന്നുകരുതി തനിക്ക് കൂടുതൽ അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും താരം പറയുന്നുണ്ട്. ഈ പ്രശസ്തിക്കുശേഷം എന്തെങ്കിലും മാറ്റമുണ്ടായോ എന്ന് ആരോ ചോദിച്ചു. ഒരുമാറ്റവും ഉണ്ടായില്ല എന്നാണ് അവരോട് പറഞ്ഞതെന്നും തനിക്ക് കൂടുതൽ അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും നടി പറഞ്ഞു.
അടുത്തിടെ എഐ ഉപയോഗിച്ച് മോർഫ് ചെയ്ത് ആരോ തന്റെ അശ്ലീലചിത്രം പ്രചരിപ്പിച്ചതിനെതിരെയും ഗിരിജ രംഗത്തെത്തിയിരുന്നു. തന്റെ മകൻ വളർന്ന് വലുതാകുമ്പോൾ ഇത്തരം വ്യാജമായി നിർമിച്ച ചിത്രങ്ങൾ കാണുമ്പോൾ എന്താണ് തോന്നുകയെന്ന് ഓർത്ത് ആശങ്കപ്പെടുന്നുവെന്നാണ് ഗിരിജ പറഞ്ഞത്.
എഐ ഉപയോഗിച്ച് സ്ത്രീകളുടെയോ പുരുഷന്മാരുടെയോ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നവരാണെങ്കില്‍, അതേക്കുറിച്ച് ചിന്തിക്കണമെന്നും അത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടാസ്വദിക്കുന്നവരാണെങ്കില്‍ നിങ്ങളും ഈ പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ഗിരിജ പറഞ്ഞിരുന്നു.
രണ്ടുപതിറ്റാണ്ടോളമായി ഹിന്ദി- മറാഠി സിനിമകളില്‍ സജീവമാണ് ഗിരിജ ഓക്ക് . ബോളിവുഡില്‍ ആമിര്‍ ഖാന്റെ 'താരെ സമീന്‍പര്‍', ഷാരൂഖ് ഖാന്റ 'ജവാന്‍' തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ ഭാഷയില്‍ 'ഹൗസ്ഫുള്‍' എന്ന കന്നഡ ചിത്രത്തിലും ചിത്രം വേഷമിട്ടു. മനോജ് ബാജ്‌പേയി നായകനായ ഒരു ബോളിവുഡ് ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഹിന്ദി- മറാഠി ടെലിവിഷന്‍ സീരിയലുകളിലും താരം സജീവമാണ്.
15-ാം വയസിലാണ് താരം ആദ്യമായി ക്യാമറയ്ക്കുമുന്നിലെത്തിയത്. ഗിരിജയുടെ പിതാവ് ഗിരീഷ് ഓക്കും സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ പിതാവ് അറിയപ്പെടുന്ന നിര്‍മാതാവും ഭര്‍ത്താവ് ചലച്ചിത്രരംഗത്തും സജീവമാണ്.
ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലെ രണ്ട് ഭാഗങ്ങളാണ് താരത്തിന് പെട്ടെന്ന് പ്രശസ്തി നല്‍കിയത്. 'തെറാപ്പി ഷെറാപ്പി' എന്ന ടെലിവിഷന്‍ സീരിയലില്‍ ഗുല്‍ഷന്‍ ദേവയ്യയ്‌ക്കൊപ്പം ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചായിരുന്നു ഒന്ന്. മറ്റൊന്ന്, ഫിസിക്‌സ് പ്രൊഫസര്‍, വേവ്‌സ് എന്നതിന് ബേബ്‌സ് എന്ന് ഉച്ചരിച്ചപ്പോഴുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോഴുള്ളതും.
Actress Girija shares her experiences on social media, sharing pictures and videos


































