പാലക്കാട്: ( www.truevisionnews.com) തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളം പോരാട്ട ചൂടിലാണ്. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെ വോട്ടഭ്യർത്ഥനകൾ തകൃതിയിൽ നടക്കുകയാണ്. ഇതിനിടെ പാലക്കാട്ടെ വ്യത്യസ്തമായ ഒരു വോട്ടഭ്യർത്ഥന സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയാണ്.
മണ്ണാർക്കാട് കോട്ടോപാടത്താണ് സംഭവം. വോട്ട് അഭ്യർത്ഥിച്ചു വീട്ടിലെത്തിയപ്പോൾ ആളില്ല. ഇത് കണ്ട ഇടതുപക്ഷ പ്രവർത്തകർ സി സി ടി വി യിലൂടെ വോട്ടഭ്യർത്ഥിച്ച് മടങ്ങുകയായിരുന്നു. ‘പിന്നെയ്... അരിവാൾ ചുറ്റിക നക്ഷത്രം..! വോട്ട് ചെയ്യോണ്ടൂ ട്ടോ, കയ്യിന് വേണ്ട.. ’എന്ന് സി സി ടി വി നോക്കി പറഞ്ഞു കൊണ്ട് പ്രവർത്തകർ മടങ്ങുന്നതും വീഡിയോയിൽ കാണാം.
അതേ സമയം, പാലക്കാട് നഗരസഭയിലെ 50-ാം വാർഡിൽ നാടകീയ സംഭവങ്ങൾ. കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് കെ യുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ ബിജെപി ശ്രമമെന്ന് പരാതി. മത്സരത്തിൽ നിന്ന് പിന്മാറിയാൽ പണം തരാമെന്ന് നേതാക്കൾ വീട്ടിലെത്തി വാഗ്ദാനം ചെയ്തെന്നാണ് കോൺഗ്രസിന്റെ ആരോപണം.
നിലവിലെ സ്ഥാനാർത്ഥിയും കൗൺസിലറും ഉൾപ്പെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠൻ എം. പി ആരോപിച്ചു. വി കെ ശ്രീകണ്ഠൻ രമേശിൻ്റെ വീട്ടിലെത്തി സംസാരിച്ചു.
പാലക്കാട് നോർത്ത് പൊലീസ് രമേശിൻ്റെയും- കുടുംബത്തിൻ്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 50-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പതിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. നിലവിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്.
എന്നാൽ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആശംസ അറിയിക്കാനാണ് വീട്ടിലെത്തിയതെന്നുമാണ് കൗൺസിലർ ജയലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ബിജെപി കൗൺസിലറും സ്ഥാനാർത്ഥിയും പോയത് വോട്ട് പോദിക്കാൻ വേണ്ടിയാണെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് പ്രശാന്ത് ശിവനും പ്രതികരിച്ചു.
പരാജയ ഭീതി മൂലമാണ് ഇത്തരംപ്രചരണം. 50 ആം വാർഡിൽ സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കേണ്ട സാഹചര്യം ബിജെപിക്കില്ല. അവിടെ തെരഞ്ഞെടുപ്പ് നടന്നാലും ഏകപക്ഷീയമായ വിജയമാണ് തങ്ങൾക്കെന്നും രാത്രിയായാലും പകലായാലും പോയത് വോട്ട് ചോദിക്കാൻ വേണ്ടിയാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
Local elections, voter registration, hammer and sickle star

































