തിരുവനന്തപുരം: ( www.truevisionnews.com ) താമസവും രാഷ്ട്രീയ പ്രവർത്തനവും കോഴിക്കോട്ടേക്ക് മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്ത തള്ളി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കോഴിക്കോട്ടേക്ക് താമസം മാറ്റുന്നുവെന്ന വാർത്തകൾ തെറ്റാണ്. അക്കാര്യം ചർച്ച ചെയ്തിട്ട് പോലുമില്ലെന്നും ഇനിയും തിരുവനന്തപുരത്ത് ചുമതലകൾ ഏറെ നിർവഹിക്കാനുണ്ടെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
കോഴിക്കോട് ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവിന്റെ ജീവിതപങ്കാളിയായ ആര്യ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് താമസം മാറുന്നുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. സച്ചിൻദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമായിരുന്നു താമസം.
ഇത്തവണ തെരഞ്ഞെടുപ്പിന് ആര്യയെ പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാനുള്ള താൽപര്യം പാർട്ടിയെ അറിയിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, എല്ലാം ആര്യ രാജേന്ദ്രൻ തള്ളുകയായിരുന്നു.
മേയറുടെ കാലാവധി ഡിസംബർ 20 വരെയുണ്ട്. ഇനിയും ചുമതലകൾ ഇവിടെ നിർവഹിക്കാനുണ്ട്. തങ്ങൾ ചർച്ച ചെയ്യാത്ത കാര്യമാണ് ഇതെല്ലാമെന്നായിരുന്നു ആര്യയുടെ പ്രതികരണം. കോർപറേഷനിലേക്ക് മത്സരിക്കാതിരുന്നത് സംബന്ധിച്ചും അവർ പ്രതികരിച്ചു. 'ഒരു ഇടതുപക്ഷ പ്രവർത്തകയെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിനായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുകയെന്നതാണ് പ്രധാനം. അതിനു പ്രത്യേക സ്ഥാനമാനങ്ങളുടെയൊന്നും ആവശ്യമില്ല. പാർട്ടി ഓരോ സാഹചര്യത്തിനനുസരിച്ച് ഏൽപിക്കുന്ന ചുമതല എന്തു തന്നെയായാലും എന്നെക്കൊണ്ട് ആവുംവിധം ചെയ്യാൻ ശ്രമിക്കും.'-ആര്യ രാജേന്ദ്രൻ പറഞ്ഞു.
രാജ്യത്ത് മേയർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവുമായാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷന്റെ മേയറായി ചുമതലയേറ്റത്. 2020-ൽ 21-ാം വയസ്സിൽ മേയർ സ്ഥാനമേറ്റ ആര്യ രാജേന്ദ്രൻ, 2022 സെപ്റ്റംബറിലാണ് എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവിനെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. സി.പി.എം ജില്ല കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രൻ.
arya rajendran will not go to kozhikode will remain in thiruvananthapuram

































