തളിപ്പറമ്പ് ( കണ്ണൂർ ) : ( www.truevisionnews.com ) പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ടു പേർ കുറ്റക്കാർ. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയത്. കേസിൽ രണ്ടുപേരെ വെറുതെ വിട്ടു. എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പൊലീസിനെതിരെ ബോംബേറ് നടന്നത്.
പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം ൈബക്കിലെത്തി. പൊലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു. എസ്എഫ്ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ബോംബ് പൊട്ടാതെ പൊലീസ് സുരക്ഷിതമായി മാറ്റുകയായിരുന്നു.
Bomb thrown at police in Payyannur, LDF candidate, culprits
































