( moviemax.in) ഏതൊരു മനുഷ്യനും ജീവിതം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അവന്റെ വിദ്യാഭ്യാസ കാലത്താണ്. ആ സമയത്തേക്ക് വീണ്ടും ഒന്ന് തിരിച്ച് പോകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. പഠിച്ച സ്കൂളിലും കോളേജിലും വർഷങ്ങൾക്കുശേഷം അവരുടെ അതിഥിയായി കയറി ചെല്ലാൻ കഴിയുക എന്ന ഭാഗ്യം പലർക്കും ലഭിക്കില്ല. പക്ഷെ അങ്ങനൊരു സുവർണ്ണാവസരം ലക്ഷ്മി നക്ഷത്രയ്ക്ക് ലഭിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് ലക്ഷ്മി പഠിച്ചത്.
കഴിഞ്ഞ ദിവസം ഒരു ഇവന്റിൽ അതിഥിയായി ലക്ഷ്മി വീണ്ടും തന്റെ കോളേജിലേക്ക് എത്തി. അവിടെ വെച്ച് കോളേജ് ഓർമകൾ താരം വ്ലോഗായി പകർത്തി യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. എന്നെ ഞാനാക്കിയ എന്റെ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലേക്ക് ഇന്ന് ഞാൻ പോകുന്നത്. ഞാൻ അവിടെയാണ് പഠിച്ചത്. ഇന്ന് ആ കോളേജിലേക്ക് ഗസ്റ്റായി എന്നെ വിളിച്ചിരിക്കുകയാണ്. സീനിയർ സിറ്റിസൺസിന്റെ ഫാഷൻ അവിടെ നടക്കുകയാണ്.
അതിൽ പങ്കെടുക്കാനാണ് ഞാൻ പോകുന്നത് ലക്ഷ്മിയുടെ വ്ലോഗ് ആരംഭിച്ചു. പരീക്ഷയ്ക്കും കലോത്സവത്തിനും എല്ലാമായി കോളേജിലേക്ക് വരുന്നൊരു ഫീലാണിപ്പോൾ. പ്രൈവറ്റ് ബസ്സിലാണ് ഞാൻ കോളേജിലേക്ക് വന്നിരുന്നത്. സ്വന്തം കോളേജിൽ ഗസ്റ്റായി വരിക എന്നത് അഭിമാനം നൽകുന്ന ഒരു കാര്യം തന്നെയാണ് ലക്ഷ്മി പറയുന്നു. കോളേജ് ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ വെച്ച് ഇന്നാണ് എനിക്ക് നമസ്കാരം എന്ന് മുഴുവനായി പറയാൻ പറ്റുന്നത്.
ഞാൻ കോളേജിൽ പഠിച്ചിരുന്ന സമയത്ത് മൈക്ക് എടുത്ത് ഹലോ ഗുഡ്മോണിങ് എന്ന് പറഞ്ഞ് തുടങ്ങുമ്പോഴെ കൂവൽ തുടങ്ങും. ഇന്ന് വരെ ഈ സ്റ്റേജിൽ ഒരു സെന്റൻസ് മുഴുവനായി പറയാൻ എന്നെ സീനിയേഴ്സ് അനുവദിച്ചിട്ടില്ല. അവിടെ നിന്നാണ് എന്റെ കരിയർ ഞാൻ ആരംഭിച്ചത് ലക്ഷ്മി പറഞ്ഞു. ഭയങ്കര സന്തോഷവും അഭിമാനവുമുണ്ട്.
ക്ലാസിൽ കയറിയില്ലെങ്കിലും മിക്ക ദിവസവും പരിപാടികളും റിഹേഴ്സലുമായി ഞാൻ ഓഡിറ്റോറിയത്തിലുണ്ടാകും. പിന്നെ മിക്സഡ് കോളേജാകുമ്പോൾ പ്രപ്പോസൽസ് നടക്കുന്നത് സ്വഭാവികമാണല്ലോ. ഫസ്റ്റ് ഇയറിന്റെ ഓണം സെലിബ്രേഷൻ സമയത്താണ് എനിക്ക് ആദ്യത്തെ പ്രപ്പോസൽ ലഭിക്കുന്നത്. അന്നത്തെ കാലത്ത് അതൊക്കെ ഒരു ടെൻഷനാണ്. ആ പുള്ളി സീനിയറായിരുന്നു. വന്ന് പ്രപ്പോസ് ചെയ്തു.
കത്താണ് തന്നത്. ആ കത്ത് തന്നതും പ്രിൻസിപ്പൽ വന്നു. ഞാനും പുള്ളിയും രണ്ട് വഴിക്ക് ഓടി. കത്ത് പ്രിൻസിപ്പൽ പിടിച്ചു. കൈ അക്ഷരം എന്റേത് അല്ലാത്തതുകൊണ്ട് ഞാൻ അന്ന് സേഫായി. ഞാൻ എന്നും വൈകിയാണ് കോളേജിൽ വന്നിരുന്നത്. ഒമ്പതരയ്ക്ക് ക്ലാസ് തുടങ്ങും ഞാൻ പത്ത് മണിയാകും വരാൻ. ഫങ്ഷണൽ ഇംഗ്ലീഷ് ജേർണലിസമായിരുന്നു പഠിച്ചത്. കോളേജിന്റെ മുഖച്ഛായയും കാലത്തിനൊപ്പം മാറിയിട്ടുണ്ട്.
അന്ന് കോളേജ് റൂൾസ് ഭയങ്കര സ്ട്രിക്ടായിരുന്നു. സൽവാറിടണം, ലെഗിൻസ് പാടില്ല, ഷാൾ വൃത്തിയായി ധരിച്ച് വരണം എന്നൊക്കെയായിരുന്നു. ഡ്യൂ ഡ്രോപ്സ് പ്രോഗ്രാം ഞാൻ ചെയ്ത് തുടങ്ങിയതും കോളേജിൽ വെച്ചാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഉച്ചയ്ക്ക് ഇറങ്ങാനുള്ള പെർമിഷൻ പ്രിൻസിപ്പലും ടീച്ചർമാരും തന്നിരുന്നു. അമ്മയും ഞാനും കൂടി കൊച്ചിയിൽ പോയാണ് കൈരളി വിയിൽ ഡ്യൂ ഡ്രോപ്സ് ലൈവ് ഷോ ചെയ്തിരുന്നത്.
അന്ന് തൃശൂരിൽ നിന്നും കൊച്ചി വരെ പോവുക എന്നത് തന്നെ വലിയൊരു സംഭവമായിരുന്നു. അന്ന് ഒരു എപ്പിസോഡിന് 500 രൂപയായിരുന്നു പ്രതിഫലം. പോയി വരാൻ ചിലവ് അതിന്റെ ഇരട്ടിയാകും. കോളേജിൽ വെച്ച് പലരുടേയും പ്രണയത്തിന് ദൂത് പോയിട്ടുണ്ട്. ഞാൻ പഠിച്ച് വന്ന കാര്യങ്ങൾ പരീക്ഷ സമയത്ത് സഹപാഠികൾക്കും പറഞ്ഞ് കൊടുക്കുമായിരുന്നു. പഠിപ്പിയായി ഇരിക്കാറില്ലായിരുന്നു.
ക്രൈസ്റ്റ് കോളേജിന്റെ പ്രൊഡക്ടാണെന്ന് ഞാൻ അഭിമാനപൂർവം പറയും. കോളേജിൽ വളരെ കുറച്ച് മാത്രമെ വന്നിട്ടുള്ളു. അറ്റന്റൻസ് കുറവായിരുന്നു. പക്ഷെ ടീച്ചർമാരുടെ പിന്തുണകൊണ്ട് പഠിച്ച് മോശമില്ലാത്ത മാർക്ക് വാങ്ങാൻ പറ്റി. എനിക്ക് സപ്ലികൾ ഉണ്ടായിരുന്നില്ല. ഇന്ന് സ്റ്റേജിൽ കയറി വീണ്ടും മൈക്ക് എടുത്തപ്പോൾ കൈ വരെ മരവിച്ച് പോയിയെന്നും ലക്ഷ്മി പറയുന്നു.
Video of Lakshmi Nakshatra memories, guest at the college she studied at

































