ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. നാളെയാണ് സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ഫിനാലെ. വൈല്‍ഡ് കാര്‍ഡുകളും ചേര്‍ത്ത് 25 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന സീസണിലെ മത്സരത്തില്‍ ഇനി അവശേഷിക്കുന്നത് വെറും ആറ് പേര്‍ മാത്രമാണ്. അതില്‍ നിന്ന് ഒരാള്‍ കൂടി ഇന്ന് പുറത്താവുന്നതോടെ അത് ഫൈനല്‍ 5 ആയി ചുരുങ്ങും.
സീസണിലെ എവിക്റ്റ് ആയ മത്സരാര്‍ഥികളുടെ കടന്നുവരവോടെ സംഘര്‍ഷഭരിതമായ ഒരാഴ്ചയാണ് ഹൗസില്‍ കടന്നുപോയത്. അതിന്‍റെ അനുരണനങ്ങള്‍ അവിടെ ഇപ്പോഴുമുണ്ട്. വോട്ടിംഗിന്‍റെ വലിയ അളവില്‍ സ്വാധീനിച്ച ഒരാഴ്ച കൂടി ആയിരുന്നു ഇത്.
ഇപ്പോഴിതാ മൂന്ന് മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ഒരു പ്രചരണത്തിന്‍റെ വാസ്തവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രധാന മത്സരാര്‍ഥിയുടെ ടീം. നിലവിലെ മത്സരാര്‍ഥികളില്‍ ഒരാളായ നൂറയ്ക്കെതിരെ ഉണ്ടായ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ ക്ഷമ പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു മത്സരാര്‍ഥിയായ അനുമോളുടെ ടീം ആണ്.

താന്‍ എവിക്റ്റ് ആവുമെന്ന് കരുതിയിരുന്ന ഒരു വാരാന്ത്യത്തിന് തൊട്ടുമുന്‍പ് അനുമോള്‍ തന്‍റെ പിആര്‍ നോക്കുന്ന ആളുടെ നമ്പര്‍ തനിക്ക് നല്‍കിയെന്ന് പുറത്താവുന്നതിന് മുന്‍പ് ആദില പറഞ്ഞിരുന്നു. നമ്പര്‍ തരിക മാത്രമല്ല, അക്ബര്‍ ബിഗ് ബോസില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുകയാണെന്നും അതിന് (പൊളിക്കാന്‍) വേണ്ടത് ചെയ്യണമെന്നും അനുമോള്‍ തന്നോട് പറഞ്ഞതായും ആദില പറഞ്ഞിരുന്നു.
റീ എന്‍ട്രി ആയി എത്തിയ മുന്‍ മത്സരാര്‍ഥി ശൈത്യയോടാണ് ആദില ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം അക്ബറിന്‍റെ ചെവിയില്‍ എത്തിയതോടെ ഹൗസിലെ പ്രധാന ചര്‍ച്ചാവിഷയമായും ഇത് മാറിയിരുന്നു. എന്നാല്‍ താന്‍ എഴുതിക്കൊടുത്തത് സ്വന്തം ചേച്ചിയുടെ പക്കലുള്ള സ്വന്തം ഫോണിന്‍റെ നമ്പര്‍ ആണെന്നും അക്ബറിന്‍റെ കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും അനുമോള്‍ ആണയിട്ടിരുന്നു.

പിആര്‍ നോക്കുന്നയാളുടെ നമ്പരാണ് അനുമോള്‍ നല്‍കിയതെന്ന് ആദ്യം പറഞ്ഞെങ്കിലും ചേച്ചിയുടെ കൈയിലുള്ള സ്വന്തം നമ്പരാണ് തന്നതെന്ന് ആദില പോകുന്നതിന് മുന്‍പ് തന്നോട് വ്യക്തമാക്കിയിരുന്നുവെന്ന് അക്ബര്‍ ശരത് ഉള്‍പ്പെടെയുള്ള തന്‍റെ അടുത്ത സുഹൃത്തുക്കളോട് പിന്നാലെ പറഞ്ഞു. എന്നാല്‍ അപ്പോഴും തന്‍റെ കാര്യം അതേപോലെ തന്നെയാണ് ആദിലയോട് അനുമോള്‍ പറഞ്ഞതെന്നും അക്ബര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ നൂറയോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കാന്‍ അനുമോള്‍ ചെന്നെങ്കിലും നൂറ അത് അനുമോളും ആദിലയും തമ്മിലുള്ള കാര്യമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. താന്‍ നമ്പര്‍ എഴുതി നല്‍കിയ ടിഷ്യൂ പേപ്പര്‍ നോക്കാമോ എന്ന് അനുമോള്‍ ചോദിച്ചെങ്കിലും അത് ബേസ്റ്റ് ബിന്നില്‍ കളഞ്ഞു എന്നായിരുന്നു നൂറയുടെ മറുപടി.
പിന്നാലെ സ്വന്തം കട്ടിലിന് അടിയിലെ സ്റ്റോറേജ് സ്പേസില്‍ പരതിയ അനുമോള്‍ക്ക് തിരഞ്ഞത് എന്താണോ അത് കിട്ടി. അനുമോള്‍ പറയുന്നത് പ്രകാരം സ്വന്തം നമ്പര്‍ ടിഷ്യൂ പേപ്പറില്‍ എഴുതി ആദിലയ്ക്ക് കൊടുത്തപ്പോള്‍ അതേപോലെ ആദില ആദിലയുടെ നമ്പര്‍ എഴുതിക്കൊടുത്ത ടിഷ്യൂ പേപ്പര്‍ ആയിരുന്നു അത്. എന്നാല്‍ ഇന്നലത്തെ എപ്പിസോഡിന് പിന്നാലെ ലൈവില്‍ ഉണ്ടായിരുന്ന ഒരു ദൃശ്യം സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിച്ചിരുന്നു.
സ്വന്തം കിടക്കയുടെ താഴെയുള്ള സ്റ്റോറേജ് സ്പേസില്‍ നിന്ന് നൂറ എന്തോ എടുത്തുകൊണ്ട് പോകുന്നതിന്‍റെ വിഷ്വല്‍ ആയിരുന്നു അത്. ചവറ്റുകുട്ടയില്‍ കളഞ്ഞുവെന്ന് അനുമോളോട് നൂറ പറഞ്ഞ, ആദിലയ്ക്ക് അനുമോള്‍ കൊടുത്ത, സ്വന്തം നമ്പര്‍ എഴുതിയ ടിഷ്യൂ പേപ്പര്‍ നൂറ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കപ്പെട്ടത്.
അനുമോളെ പിന്തുണയ്ക്കുന്നവരാണ് ഈ വീഡിയോ കൂടുതലും പ്രചരിപ്പിച്ചത്. എന്നാല്‍ പ്രചരിക്കപ്പെട്ടതുപോലെ നൂറയുടെ കൈയില്‍ ഉണ്ടായിരുന്നത് ടിഷ്യൂ പേപ്പര്‍ ആയിരുന്നില്ലെന്നും ടാംപോണ്‍ (സാനിറ്ററി പാഡുകള്‍ക്ക് പകരം ആര്‍ത്തവകാലത്ത് രക്തം ആഗിരണം ചെയ്യാനായി ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗം) ആണെന്നും പിന്നീട് വ്യക്തമായി. ഇപ്പോള്‍ തെറ്റായ പ്രചരണത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുമോളുടെ ടീം.
“നൂറയുടെ കൈയില്‍ ഉണ്ടായത് ടാംപോണ്‍ ആണ്. ടിഷ്യൂ പേപ്പര്‍ അല്ല. നൂറയെ ആരും തെറ്റിദ്ധരിക്കരുത്. തെറ്റിദ്ധാരണയുടെ വേദന നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അനുമോള്‍ അവിടെ കുറേ അത് അനുഭവിച്ചതാണ്. അനുമോളെപ്പോലെ നൂറയെയും ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ആരും മോശം പറയരുത്. ഞങ്ങളുടെ ഭാഗത്തുനിന്ന് ക്ഷമ ചോദിക്കുന്നു. നൂറആദില, സോറി”, അനുമോളുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അതേസമയം ഫൈനല്‍ ഫൈവിന് വഴി തുറക്കുന്ന ഇന്നത്തെ എവിക്ഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍.
BiggBoss Malayalam season Anumol noora


































