(moviemax.in) രാഷ്ട്രീയ പ്രവേശനം നടത്തിയ ശേഷം പുറത്തിറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പൊലീസ് വേഷത്തിൽ നിൽക്കുന്ന വിജയ്ക്ക് ചുറ്റും അഭയം തേടി നിൽക്കുന്ന ജനങ്ങളുടെ ചിത്രമാണ് പോസ്റ്ററിൽ.
'വീണ്ടും ജനങ്ങളുടെ രക്ഷകനോ?', 'ഇതാ പഴയ മാസ്സ് പരിപാടി തന്നെ', 'കിടിലൻ ആയിട്ടുണ്ട്', 'പൊലീസ് വേഷമാണോ എങ്കിൽ വിജയ് കലക്കും', എന്നിങ്ങനെ നിരവധി കമന്റുകളാണ് ആദ്യ കാഴ്‌ചയിൽ പ്രേക്ഷകർ പോസ്റ്ററിന് നൽകുന്നത്. കരൂർ ദുരന്തത്തിന് ശേഷം സിനിമയുടെ റിലീസ് തീയതി മാറ്റിയെന്നൊരു വാർത്ത ഉണ്ടായിരുന്നു. പക്ഷേ ഇന്ന് പുറത്തുവന്ന പോസ്റ്ററിലും ജനുവരി ഒൻപത് തന്നെയാണ് റിലീസ് തീയതിയായി പറഞ്ഞിരിക്കുന്നത്.
ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്.
ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് റോമിയോ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
actorvijay poster movie Jananayakan
































