വയറ്റിൽ ചവിട്ടി മുഖത്തിടിച്ചു, മേൽചുണ്ട് കീറി കിടക്കയിലാകെ ചോര; മുൻപങ്കാളിയുടെ ആക്രമണം വെളിപ്പെടുത്തി നടി ജസീല പർവീൺ

വയറ്റിൽ ചവിട്ടി മുഖത്തിടിച്ചു, മേൽചുണ്ട് കീറി കിടക്കയിലാകെ ചോര; മുൻപങ്കാളിയുടെ ആക്രമണം വെളിപ്പെടുത്തി നടി ജസീല പർവീൺ
Nov 5, 2025 07:34 PM | By Athira V

(moviemax.in) മുൻപങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരേ ഗുരുതര പീഡന ആരോപണങ്ങളുമായി നടി ജസീല പർവീൺ. താൻ നേരിട്ട ആക്രമണങ്ങൾ ജസീല സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. പങ്കാളിയുടെ മർദ്ദനത്തിൽ ഗുരുതരമായി മുറിവേറ്റ മുഖത്തിന്റെ ചിത്രവും ജസീല പങ്കുവെച്ചിട്ടുണ്ട്.

ഡോൺ തോമസിന്റെ മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ജസീല പറയുന്നു. പരിക്കേറ്റതിന് പിന്നാലെ പോലീസിൽ അറിയിച്ചെങ്കിലും ഉടനടി നടപടിയൊന്നുമുണ്ടായില്ല. ഡോൺ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിനു ശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും ജസീല ആരോപിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം

'ഞാൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. സഹതാപത്തിനുവേണ്ടിയല്ല ഈ കാര്യങ്ങൾ പറയുന്നത്. മറിച്ച്, എനിക്ക് പിന്തുണയും മാർഗനിർദേശവും ആവശ്യമായതുകൊണ്ടാണ്.

കഴിഞ്ഞ പുതുവത്സരത്തലേന്ന് മുൻപങ്കാളി ഡോൺ തോമസ് വിതയത്തിലുമായി അമിതമായ മദ്യപാനത്തെയും പുകവലിയെയും ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിനിടയിൽ, ഇയാൾ അക്രമാസക്തനായി.

ഡോൺ എൻ്റെ വയറ്റിൽ ചവിട്ടി, മുഖത്തിടിച്ചു, എൻ്റെ തല തറയിൽ ഇടിപ്പിച്ചു, എന്നെ വലിച്ചിഴച്ചു, എൻ്റെ കക്ഷത്തിലും തുടകളിലും കടിക്കുകയും ചെയ്തു. അവൻ്റെ വള ഉപയോഗിച്ച് എൻ്റെ മുഖത്ത് ആഞ്ഞടിച്ചു. എൻ്റെ മേൽചുണ്ട് കീറിപ്പോയി. ഒരുപാട് രക്തം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിക്കാൻ അയാളോട് യാചിച്ചു. എന്നാൽ, ഇയാൾ സമ്മതിച്ചില്ല. പോലീസിനെ വിളിക്കാൻ ശ്രമിച്ചതോടെ ഫോൺ തട്ടിപ്പറിച്ചു.

പിന്നീട്, ആശുപത്രിയിലെത്തിച്ചെങ്കിലും കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. തുടർന്ന് എന്നെ സൺറൈസ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കുകയും ചെയ്തു.

അതിനുശേഷവും ഉപദ്രവം തുടർന്നു. മാനസികമായും ശാരീരികമായും തകർന്നുപോയി. പോലീസിൽ പരാതിപ്പെട്ടെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല.

ജനുവരി 14-ന് പരാതി നൽകാനായി നേരിട്ട് പോയി. അപ്പോഴും നടപടിയൊന്നുമുണ്ടായില്ല. അയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷം മാത്രമാണ് പോലീസ് വെരിഫിക്കേഷനായി വരികയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

ഇപ്പോൾ കേസ് മുന്നോട്ട് പോവുകയാണ്. കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. പരിക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കൽ രേഖകളും വ്യക്തമാണ്. എന്നാൽ, ഞാൻ ഒരിക്കലും സമ്മതിച്ചിട്ടില്ലാത്ത ഒരു ഒത്തുതീർപ്പിന്റെ പേരിൽ കേസ് റദ്ദാക്കണമെന്ന് വാദിച്ച് എതിർകക്ഷി ഹൈക്കോടതിയിൽ ഒരു തടസ്സഹർജി നൽകിയിരിക്കുകയാണ്.

മാസങ്ങളായി കേസ് വൈകിപ്പിക്കുകയാണ്. ഈ ഘട്ടത്തിൽ ഒരു വക്കീലിനെ വെക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതുകൊണ്ട് തനിച്ചാണ് കോടതിയിൽ ഹാജരാകുന്നത്. ഇന്നലെ നടന്ന വാദത്തിനിടയിൽ എനിക്ക് സംസാരിക്കാൻ ഒരവസരം പോലും കിട്ടിയില്ല. കോടതിമുറിക്കുള്ളിൽ ഞാൻ അദൃശ്യയാണെന്ന് തോന്നി. ഇതൊരു ചെറിയ തർക്കമല്ല. നിസ്സാരമായ ദേഹോപദ്രവുമല്ല. ക്രൂരമായ അക്രമമായിരുന്നു.

ഒരു കലാകാരിയെന്ന നിലയിൽ എൻ്റെ മുഖമാണ് എൻ്റെ വ്യക്തിത്വം. മാസങ്ങളോളം ജോലി ചെയ്യാൻ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ ആഘാതങ്ങളിലൂടെയും, ചികിത്സയിലൂടെയും, സാമ്പത്തിക നഷ്ടത്തിലൂടെയും, വിഷാദത്തിലൂടെയും കടന്നുപോയി. അതേസമയം, ഇത് ചെയ്തയാൾ അഭിഭാഷകരെ വെച്ച് കേസ് നടപടികൾ വൈകിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു.

എന്റെ ആവശ്യം ഇത്രമാത്രമാണ്. കേസ് വിചാരണയ്ക്ക് വരട്ടെ. തെളിവുകൾ സംസാരിക്കട്ടെ. സത്യം പുറത്തുവരട്ടെ. ആവശ്യമെങ്കിൽ, കേസ് ഒറ്റയ്ക്ക് വാദിക്കാനും പ്രതിരോധിക്കാനും തയ്യാറാണ്.

എനിക്ക് നീതി വേണം. ഇവിടെയുള്ള ഏതെങ്കിലും അഭിഭാഷകർക്ക് കേസ് റദ്ദാക്കാനുള്ള ഹർജി തള്ളിക്കളഞ്ഞ് വിചാരണ നടപടികളുമായി മുന്നോട്ട് പോകുന്നത് എങ്ങനെ ഉറപ്പാക്കാമെന്നതിനെക്കുറിച്ച് മാർഗനിർദേശങ്ങൾ തരാനാകുമെങ്കിൽ ഞാൻ നന്ദിയുള്ളവളായിരിക്കും', ജസീല കുറിച്ചു.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. സോഷ്യൽ മീഡിയയിലും സജീവമാണ് അവർ. 'പെറ്റ് ഡിറ്റക്ടിവി'ലാണ് അവസാനം അഭിനയിച്ചത്.

jaseelaparveen alleges abuse husband

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-