( www.truevisionnews.com) തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാനയും തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നുവെന്ന വാർത്ത കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. ഇരുവരും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, ഇവർക്കടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഈ സന്തോഷവാർത്ത മാധ്യമങ്ങളോട് പങ്കുവെച്ചത്.
ഇതിനുശേഷം ഇരുവരുടേയും കൈവിരലുകളിൽ ഒരേ രീതിയിലുള്ള മോതിരങ്ങൾ അണിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി അതോടെ പ്രണയവും നിശ്ചയവാർത്തയും കൂടുതൽ ശക്തമായി പടർന്നു.
ഇപ്പോൾ, രശ്മികയുടെ നിശ്ചയമോതിരത്തെ വ്യക്തമായി കാണിക്കുന്ന പുതിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീ ഫൈവ് ചാനലിൽ നടൻ ജഗപതി ബാബു അവതാരകനായി എത്തുന്ന ടോക്ക് ഷോയായ "ജയമ്മു നിശ്ചയമ്മു"വിലാണ് ഈ ദൃശ്യങ്ങൾ ശ്രദ്ധ നേടിയത്. തന്റെ പുതിയ ചിത്രം 'ദി ഗേൾഫ്രണ്ട്'ന്റെ പ്രമോഷൻ ഭാഗമായി ഷോയിലേക്ക് എത്തിയ രശ്മിക, മനോഹരമായ പ്രിൻറ്റഡ് വസ്ത്രത്തിൽ തിളങ്ങിക്കൊണ്ടിരുന്നു. പക്ഷേ, ആ മുഴുവൻ സൗന്ദര്യത്തിനുമപ്പുറം കാണികളുടെ കണ്ണ് പതിച്ചത് അവളുടെ കൈവിരലിലിരുന്ന ആ മിന്നുന്ന മോതിരത്തിലായിരുന്നു.
ഷോയുടെ തുടക്കത്തിൽ രശ്മിക തന്റെ മുഖമുദ്രയായ 'കൊറിയൻ ഹാർട്ട്' കാണിച്ച് ആരാധകരെ അഭിവാദ്യം ചെയ്യുമ്പോൾ, മോതിരം ആയിരുന്നു ആളുകളുടെ ശ്രദ്ധ കൂടുതലും ആകർഷിച്ചിരുന്നത്. അവസാനം, അവതാരകൻ ജഗപതി ബാബു തന്നെ അതിനെക്കുറിച്ച് ചോദിക്കാൻ മടിച്ചില്ല.
"ഇതു വികാരഭരിതമായി ബന്ധമുള്ള മോതിരം ആണോ, അതോ വെറും ഫാഷനായി ധരിച്ചതോ?" എന്ന രസകരമായ ചോദ്യം ഉയർന്നപ്പോൾ, രശ്മിക അല്പം ചിരിച്ചുകൊണ്ട് മറുപടി നൽകിയത് "ഇവ എല്ലാം തന്നെ എനിക്ക് വളരെ പ്രധാനപ്പെട്ട മോതിരങ്ങളാണ്” എന്നായിരുന്നു.അതുകേട്ട് ജഗപതി ബാബു ഉടൻ കൂട്ടിച്ചേർത്തു; "ഇതിൽ ഏതോ ഒരു മോതിരത്തിന് പിന്നിൽ ഒരു പ്രണയകഥ ഉണ്ട്"— ഇത് കേട്ട് രശ്മിക മറുപടിയായി നൽകിയ ചിരി സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ചിത്രീകരണത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിലുടനീളം രശ്മികയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകർ കൂടുതൽ ഉറപ്പോടെ അഭിപ്രായപ്പെട്ടു. ചിലർ ഈ മോതിരം വിജയ് തന്നെയായിരിക്കും സമ്മാനിച്ചതെന്നു പറയുമ്പോൾ, മറ്റുചിലർ അവരുടെ വിവാഹനിശ്ചയത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ചെറിയൊരു മോതിരം മാത്രം ആയിരുന്നുവെങ്കിലും, അത് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. 'ദി ഗേൾഫ്രണ്ട്' എന്ന സിനിമയുടെ പ്രൊമോഷനേക്കാൾ കൂടുതൽ വാർത്തയാകുന്നത് "ദി എംഗേജ്മെന്റ് റിംഗ് "ആണ്.
Fashion, Rashmika Mandanna, Ring, Trending

































