(moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ കലാശക്കൊട്ടിലേക്ക് അടുക്കുമ്പോൾ, ശേഷിക്കുന്ന എട്ട് മത്സരാർത്ഥികളിൽ കപ്പ് ആര് ഉയർത്തുമെന്ന ആകാംഷയിലാണ് പ്രേക്ഷകർ. വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മത്സരാർത്ഥി അനുമോളുടെ ഗെയിം തന്ത്രങ്ങളെയും വ്യക്തിഗത പ്രകടനങ്ങളെയും കുറിച്ച് കുടുംബാംഗങ്ങൾ നൽകിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മെയിൻ സ്ട്രീം വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, പിആർ ആരോപണം, കരച്ചിൽ കാർഡ്, അനീഷ്-അനു കോമ്പോ എന്നിവയെക്കുറിച്ച് കുടുംബം നിലപാട് വ്യക്തമാക്കി.
അനു കരയുന്നത് കാണുമ്പോൾ വീട്ടുകാർക്കും വിഷമം വരുമെന്നും, അത് കുടുംബാംഗങ്ങൾക്ക് ബിപി കൂടാൻ വരെ കാരണമായിട്ടുണ്ടെന്നും അവർ പറയുന്നു. "പെട്ടെന്ന് കരച്ചിൽ വരുന്ന പ്രകൃതമാണ് അനുവിന്റേത്. സന്തോഷം വന്നാലും സങ്കടം വന്നാലും അവൾ കരയും." സിംപതി കിട്ടാൻ വേണ്ടി അനുമോളെടുക്കുന്ന 'സ്ട്രാറ്റജി' അല്ല കരച്ചിൽ. അവൾ കരഞ്ഞ് മെഴുകുന്ന കുടുംബമെന്ന പേര് ഒഴിവാക്കാൻ വേണ്ടിയാണ് ചേച്ചി ഹൗസിലേക്ക് പോകാതിരുന്നതെന്നും, പകരം അടുപ്പമുള്ള കൂട്ടുകാരിയെ അമ്മക്കൊപ്പം വിട്ടതെന്നും അവർ വ്യക്തമാക്കി.
അനുമോൾ പിആറിനായി 16 ലക്ഷം രൂപ ചെലവാക്കി എന്ന ആരോപണം പൂർണ്ണമായും നിഷേധിച്ചു. "കാശിന് വേണ്ടിയാണ് അനു ഷോയിൽ പോയത്, ഫെയിമിന് വേണ്ടിയല്ല. പതിനാറ് ലക്ഷത്തിന്റെ കഥ എങ്ങനെ വന്നുവെന്ന് അനു വന്നശേഷം ചോദിച്ചറിയണം," കുടുംബം പറഞ്ഞു. എല്ലാ മത്സരാർത്ഥികൾക്കും പിആർ ഉള്ളതുപോലെ അനുവിനുമുണ്ട്. എന്നാൽ വലിയ തുക നൽകിയിട്ടില്ല. ഇൻസ്റ്റാഗ്രാം പേജ് ഒരാൾ മാനേജ് ചെയ്യുന്നുണ്ടെന്നത് മാത്രമാണ് സത്യം
പിആർ വിവാദം വന്നതോടെ വോട്ട് ചോദിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും മറ്റ് പിആറുകളിൽ നിന്നാണ് അനുവിന് കൂടുതൽ നെഗറ്റീവ് കമന്റുകൾ കിട്ടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഹൗസിലെ ശക്തരായ മത്സരാർത്ഥികൾ അനുവും അനീഷുമാണ് എന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. അനുവിന്റെ മനസ്സിൽ അനീഷിന് ഒരു ചേട്ടന്റെ സ്ഥാനമാണുള്ളത്. എങ്കിലും, "അനുവിന് ഇഷ്ടമാണെങ്കിൽ അനീഷിന്റെ ഭാഗത്ത് നിന്ന് ഒരു പ്രൊപ്പോസൽ വന്നാൽ അത് നടത്തിക്കൊടുക്കാൻ തയ്യാറാണ്," എന്ന് കുടുംബം വ്യക്തമാക്കി.
ഷോയിലേക്ക് പോകുന്നതിന് മുൻപ് മാഗി മാത്രം ഉണ്ടാക്കിയിരുന്ന അനുമോൾ ഇപ്പോൾ കുക്ക് ചെയ്യാൻ പഠിച്ചു. "ലൈഫ് ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാൻ ഇതുവരെ അവൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ അവൾ അതൊക്കെ പഠിച്ചു. ഇനി കെട്ടിച്ചയച്ചാലും ടെൻഷനില്ല," ചിരിച്ചുകൊണ്ട് കുടുംബം പറയുന്നു. എട്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ, അനുമോൾ കപ്പ് അടിക്കുമെന്ന് നൂറ് ശതമാനം വിശ്വസമുണ്ടെന്ന് പറഞ്ഞ കുടുംബം, എങ്കിലും "ഗെയിം ആണ്, എന്തും സംഭവിക്കാം" എന്നും കൂട്ടിച്ചേർത്തു.
Bigg Boss Malayalam Season 7 Anumol-Aneesh combo PR controversy


































