(moviemax.in) ബലൂചിസ്ഥാനെ കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പാകിസ്താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പാകിസ്താനിലെ ഭീകരവാദവിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂളില്‍ സല്‍മാന്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. സല്‍മാന്‍ഖാന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്കിങ് ടീം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തത വരുത്തുന്നു.
പാകിസ്താന്റെ നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി (നാക്ട) യുടെ വിലക്കേര്‍പ്പെടുത്തിയ വ്യക്തികളുടെ പട്ടികയില്‍ സല്‍മാന്‍ഖാന്‍ ഇല്ലെന്നും അദ്ദേഹത്തെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചുള്ള ആഭ്യന്തരമന്ത്രാലയത്തിന്റേയോ പ്രവിശ്യാ ഭരണകൂടത്തിന്റേയോ അറിയിപ്പുകളൊന്നുമില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. നിലവിലുള്ള എല്ലാ വാര്‍ത്തകളും ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളുടെ ആരോപണം അടിസ്ഥാനമാക്കി മാത്രമുള്ളതാണെന്നും പോസ്റ്റില്‍ പറയുന്നു.
റിയാദില്‍ നടന്ന ഫോറം 2025-ല്‍ പങ്കെടുക്കവെ സല്‍മാന്‍ ഖാന്‍ പറഞ്ഞ വാക്കുകളാണ് പാകിസ്താനെ പ്രകോപിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലേയും ബലൂചിസ്താനിലേയും ജനങ്ങളെ കുറിച്ച് വെവ്വേറെ പറഞ്ഞതോടെയാണ് സല്‍മാന്റെ പരാമര്‍ശം ശ്രദ്ധേയമായത്. സല്‍മാന്‍ ഖാന്‍ ബലൂചിസ്താനിലെ ജനങ്ങളെ പാകിസ്താനിലെ ജനങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നത്. പാകിസ്താനില്‍ ശക്തമായ വിഘടനവാദം നിലനില്‍ക്കുന്ന പ്രവിശ്യയാണ് ബലൂചിസ്താന്‍.
മിഡില്‍ ഈസ്റ്റിലെ ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സിനിമയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വീകാര്യതയെക്കുറിച്ചാണ് സല്‍മാന്‍ ഖാന്‍ ജോയ് ഫോറം 2025-ല്‍ സംസാരിച്ചത്. 'ഇപ്പോള്‍ നിങ്ങള്‍ ഒരു ഹിന്ദി സിനിമയെടുത്ത് ഇവിടെ (സൗദി അറേബ്യയില്‍) റിലീസ് ചെയ്താല്‍ അത് സൂപ്പര്‍ഹിറ്റാകും. നിങ്ങള്‍ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കില്‍ മലയാള സിനിമ എടുത്താല്‍ അത് കോടിക്കണക്കിന് രൂപയുടെ ബിസിനസ് നേടും. കാരണം മറ്റ് രാജ്യങ്ങളില്‍നിന്ന് നിരവധി ആളുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. ബലൂചിസ്താനില്‍ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, പാകിസ്താനില്‍ നിന്നുള്ളവരുണ്ട്... എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു.' ഇതായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
സല്‍മാന്‍ ഖാന്റെ പരാമര്‍ശത്തെ ബലൂച് നേതാക്കള്‍ സ്വാഗതം ചെയ്യകയും ചെയ്തു. തങ്ങളുടെ പോരാട്ടത്തിന് പ്രതീകാത്മകമായി ലഭിച്ച അംഗീകാരമാണ് ഇതെന്നാണ് നേതാക്കള്‍ പറഞ്ഞത്. സല്‍മാന്റെ വാക്കുകള്‍ ആറ് കോടി ബലൂചിസ്താനികള്‍ക്ക് സന്തോഷമേകിയെന്നായിരുന്നു ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന പ്രധാനിയായ മിര്‍ യാര്‍ ബലൂചിന്റെ പ്രതികരണം.
pakistan ministry denies salmankhan terrorist list balochistan remark


































