( moviemax.in) ലാലേട്ടനും മമ്മൂക്കയും അങ്ങനെയുള്ള താര രാജാക്കന്മാര്‍ നിറഞ്ഞ സിനിമ എന്ന ഒരു സ്വപ്ന ലോകമായിരുന്നു കോഴിക്കോട്ടെ നാദാപുരമെന്ന ഗ്രാമത്തിലെ നരിക്കാട്ടേരിക്കാരൻ്റെ ബാല്യത്തിലും പിന്നെ യൗവ്വനത്തിലും നിറയെ ഉണ്ടായിരുന്നത്.
ഒടുവിൽ ആ മൾട്ടി ഫ്ലക്സ് തിയേറ്റർ ഉടമയ്ക്ക് അഭിനയ വിസ്മയം മോഹൻലാൽ പകർന്ന് നൽകിയത് മറക്കാനാവാത്ത അനുഭവം. കണ്ണിൽ സിനിമയുടെ തിളക്കമുള്ള ആ യുവസംരംഭകൻ വള്ളുമ്പ്രത്ത് രാഗിൽ കല്ലാച്ചിയിലെ കോടതി റോഡിൽ സ്ഥാപിച്ച 'ഡ്രീം സിനിമാ എന്റർടെയ്ൻമെന്റ്സ്' വെറുമൊരു ബിസിനസ് സംരംഭമായിരുന്നില്ല, അത് വെള്ളിത്തിരയിലേക്കുള്ള സ്വന്തം സ്വപ്നത്തിൽ താക്കോൽ ആയിരുന്നു.
"സിനിമാ ഫീൽഡ് എന്നൊരു ആശയം മനസ്സിൽ നേരത്തേ ഉണ്ടായിരുന്നു," രാഗിൽ ഓർത്തെടുത്തു. ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ സിനിമാ ലോകത്തിന്റെ ഭാഗമാവാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ആ മോഹം അന്ന് പൂവണിഞ്ഞില്ല. തുടർന്ന് ഹയർ സ്റ്റഡീസിനായി പോയ യുവാവ് എം.ബി.എ. പഠനവും മറ്റു ബിസിനസ് കാര്യങ്ങളുമായി തിരക്കിലായി. എങ്കിലും പഠനത്തിന്റെ തിരക്കിനിടയിലും സിനിമ എന്ന സ്വപ്‌നം രാഗിലിൻ്റെ മനസ്സിൽ ഒരു തിരശ്ശീലയായി വിടർന്നു നിന്നു. ഒടുവിൽ, താൻ തിരഞ്ഞെടുത്ത ബിസിനസ് വഴിയിലൂടെ തന്നെ സിനിമയെ ചേർത്തുപിടിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ബിസിനസ് ലോകത്തെ കണക്കുകൂട്ടലുകൾക്കപ്പുറം, ഹൃദയത്തിൽ കൊണ്ടുനടന്ന ആ മോഹത്തിന് , പിതാവ് വള്ളംപുറത്ത് രാജനുമൊപ്പം ചേർന്നതോടെ യാഥാർത്ഥ്യമായത് ഒരു നാടിൻ്റെ കൂടി സ്വപ്ന മായിരുന്നു. 'ഡ്രീം സിനിമാസ്' എന്ന പേരുപോലെ തന്നെ, ആ സ്ഥാപനം രാഗിലിൻ്റെ നിശബ്ദമായ സിനിമാ സ്വപ്‌നങ്ങളുടെ പ്രതിഫലനമായി മാറി.
സ്ഥാപനം തുടങ്ങി അധികം വൈകാതെ, ഡ്രീം സിനിമാസിലൂടെ മോഹൻലാലിൻ്റെ വിജയ ചിത്രമായ ''തുടരും' പ്രദർശിപ്പിച്ചു. അവരുടെ തിയേറ്ററിലെ അഞ്ചാമത്തെ സിനിമയായിരുന്നു അത്. ചിത്രം തിയേറ്ററിൽ 52 ദിവസം തുടർച്ചയായി ഓടി ചരിത്രം സൃഷ്ടിച്ചു.
സിനിമയുടെ അണിയറ പ്രവർത്തകർ വിജയത്തിന്റെ ഭാഗമായി ഒരു സെലിബ്രേഷൻ നടത്തുകയും, ചിത്രം പ്രദർശിപ്പിച്ച എല്ലാ തിയേറ്ററുകൾക്കും അംഗീകാരമായി ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ആ ഉപഹാരം സ്വീകരിക്കുന്ന വേളയിലാണ് ജീവിതത്തിലെ ഏറ്റവും വലിയ സുവർണാവസരം രാഗിലിനെ തേടിയെത്തിയത്. വർഷങ്ങളായി വെള്ളിത്തിരയിൽ മാത്രം കണ്ടിരുന്ന പ്രിയതാരം മോഹൻലാൽ മുന്നിൽ നിൽക്കുമ്പോൾ, ജീവിതം തന്നെ ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു.
"ആ കൂടിക്കാഴ്ചയുടെ ഓർമ്മയിൽ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി, ചിരി ചുണ്ടിൽ വിരിഞ്ഞു. 'സിനിമയിൽ മാത്രം കണ്ട മോഹൻലാലിന്റെ മുന്നിലേക്ക്, ഞങ്ങളുടെ കൊച്ചുകമ്പനിയുടെ ഭാഗമായി ചെല്ലുമ്പോൾ, ഒരു ആരാധകന്റെ എല്ലാ എക്സൈറ്റ്മെന്റും എന്നിലുണ്ടായിരുന്നു,' രാഗിൽ പങ്കുവെച്ചു."
തിരശ്ശീലയിലെ ഇതിഹാസം മുന്നിൽ നിൽക്കുന്ന ആ സന്ദർഭത്തിൽ, ബിസിനസിന്റെ കണക്കുകളല്ല, പകരം ഒരു സിനിമ പ്രേമിയുടെ ആത്മാവാണ് ആ കൂടിക്കാഴ്ചയിൽ നിറഞ്ഞുനിന്നത്. അഭിനയമോ മറ്റ് മേഖലകളോ ലക്ഷ്യമിട്ടായിരുന്നില്ല ആ യാത്രയെങ്കിലും, സിനിമ എന്ന ലോകത്തോട് എങ്ങനെയെങ്കിലും ചേർന്ന് നിൽക്കുക എന്ന ആഗ്രഹം, കല്ലാച്ചിയിലെ ആ യുവ സംരംഭകന്റെ 'ഡ്രീം സിനിമാസി'ലൂടെ പൂർണ്ണമായി പൂവണിഞ്ഞു.
Article by ANUSREE V C
Journalism and Mass Communication ( LISSAH COLLAGE, CALICUT UNIVERSITY)
The story of a young man who built a cinema fortress with a love for cinema


































