(moviemax.in) തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന എഐ ചിത്രത്തിനും വാര്‍ത്തകള്‍ക്കുമെതിരേ നടിയും നടൻ സായ്കുമാറിന്റെ മകളുമായ വൈഷ്ണവി സായ്കുമാര്‍. തന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ലെന്ന് വൈഷ്ണവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രചരിപ്പിക്കപ്പെടുന്ന എഐ ചിത്രം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല വന്നതെന്നും അവര്‍ വ്യക്തമാക്കി.
'നമസ്‌കാരം, ഞാന്‍ വൈഷ്ണവി സായ്കുമാര്‍. എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരില്‍ കുറച്ചു ദിവസമായി എന്റെ കുടുംബത്തെക്കുറിച്ചും അച്ഛനേയും അമ്മയേയും എന്നേയും എന്റെ ജീവിതത്തേയുംക്കുറിച്ച് ചില പോസ്റ്റുകള്‍ കാണുന്നു. എന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല. എന്റെ ഇന്‍സ്റ്റഗ്രാം പേജിലല്ല ഈ പറയുന്ന എഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവുചെയ്ത് എന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ പൊതുയിടത്തേക്ക് വലിച്ചിഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസ്സിലുള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല. ഞങ്ങളെ വെറുതേവിടണം', എന്നായിരുന്നു വൈഷ്ണവിയുടെ പോസ്റ്റ്.
വൈഷ്ണവി പങ്കുവെച്ചതെന്ന പേരില്‍ ഒരു ചിത്രം അടുത്തിടെ വൈറലായിരുന്നു. സായ്കുമാറിനൊപ്പമുള്ള എഐ ചിത്രമാണ് പ്രചരിക്കപ്പെട്ടത്. സായ്കുമാര്‍ വൈഷ്ണവിയുടെ തോളില്‍ കൈവെച്ചിരിക്കുന്ന തരത്തിലായിരുന്നു ചിത്രം. ചിത്രത്തിന്റെ ക്യാപ്ഷനും വലിയ ചര്‍ച്ചയായി. സായ് കുമാറിന്റേയും മുന്‍ഭാര്യ പ്രസന്ന കുമാരിയുടേയും മകളാണ് വൈഷ്ണവി. 2007- ല്‍ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടന്‍ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. മിനിസ്‌ക്രീനില്‍ സജീവമാണ് വൈഷ്ണവി.
vaishnavi saikumar react about instagram post ai image