കുട്ടികൾ അടക്കമുള്ളവർ ഫോളോവേഴ്സായിട്ടുള്ള സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും സ്ട്രീമറും ഗെയിമറും എല്ലാമാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന കണ്ണൂരുകാരനായ നിഹാദ്. സോഷ്യൽമീഡിയയിൽ സജീവമായശേഷമാണ് കുടുംബം പോലും തൊപ്പിയെ അകറ്റി നിർത്താൻ തുടങ്ങിയത്. കുറച്ച് സുഹൃത്തുക്കളാണ് ഇപ്പോൾ തൊപ്പിയുടെ ലോകം. ഇതിനോടകം നിരവധി കേസുകളും വിവാദങ്ങളും തൊപ്പിയുടെ പേരിലുണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നിഹാദ് മനസ് തുറക്കുന്നു. ആഗ്രഹിച്ച സമയത്ത് സ്നേഹം കിട്ടാതെയാണ് വളർന്നതെന്നും മാപ്പ് പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോട് മാത്രമാണെന്നും തൊപ്പി പറയുന്നു. വീടെന്ന സങ്കൽപ്പം എനിക്ക് ഇല്ലായിരുന്നു. ഞാൻ ആഗ്രഹിച്ചതിനേക്കാൾ എത്രയോ കൂടുതലാണ് എനിക്ക് ഇപ്പോൾ ഉള്ള കാര്യങ്ങൾ. ജീവിതകാലം മുഴുവൻ ആഗ്രഹിച്ചതിനേക്കാൾ ഞാൻ ഹാപ്പിയുമാണ്.
ഞാനും സുഹൃത്തുക്കളും ഒരു ഫാമിലി എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. കുട്ടിക്കാലത്തോ അല്ലെങ്കിൽ സോഷ്യൽമീഡിയ കരിയറിന്റെ ഭാഗമായി എറണാകുളത്തേക്കോ വരുന്നതിന് മുമ്പോ നാട്ടിൽ എനിക്ക് ഒരു കുടുംബമുണ്ട്. പക്ഷെ കുടുംബമെന്ന ഫീൽ കിട്ടിയിട്ടില്ല. കാരണം ഉപ്പയോടോ ഉമ്മയോടോ പെങ്ങമ്മാരോടോ ആരോടും ഞാൻ സംസാരിക്കാറില്ല. അനിയനോട് വല്ലപ്പോഴും മിണ്ടിയാലായി.
ഇപ്പോൾ അനിയനെ ഫോൺ വിളിച്ച് ഒരുപാട് സംസാരിക്കാറുണ്ട്. മുമ്പ് എനിക്ക് കുടുംബം ഉണ്ടായിരുന്നുവെങ്കിലും ഞാൻ അതിനെ കുറിച്ച് മറന്ന് പോയിരുന്നു. ഞാൻ ഒരു നാല് ചുമരിനുള്ളിൽ ഒരേ ഇരുത്തമാണ്. ആരോടും സംസാരിക്കാറില്ല, ഇടപഴകാറുമില്ലായിരുന്നു. അങ്ങനെയായിരുന്നു ജീവിതം. പാരന്റ്സ്, കൂടപ്പിറപ്പുകൾ എന്നിവർ ഒപ്പമുള്ളതുപോലെ ആവില്ലെങ്കിലും സുഹൃത്തുക്കൾക്കൊപ്പമുള്ള ഇപ്പോഴത്തെ ജീവിതം സന്തോഷം നൽകുന്നുണ്ട്.
പണ്ട് മുതൽ വീട്ടിൽ നിന്ന് എനിക്ക് സ്നേഹം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ കുടുംബസന്തോഷമെന്നാൽ എനിക്ക് ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പമുള്ള ജീവിതമാണ്. മുമ്പ് ഞാൻ ട്രൈ ചെയ്തിരുന്നു. എന്റെ കുടുംബം ഇത് കാണുമായിരിക്കും ചിലപ്പോൾ. അവർക്ക് സന്തോഷമാണോ സങ്കടമാണോ തോന്നുകയെന്ന് അറിയില്ല. എങ്കിലും ഞാൻ പറയട്ടെ ഇവിടെ ഞാൻ വളരെ ഹാപ്പിയാണ്.
അതുപോലെ ഞാൻ തിരുത്താൻ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങളുണ്ട്. സോഷ്യൽമീഡിയ തുടങ്ങിയ കാലത്ത് ചെയ്ത് കൂട്ടിയ കാര്യങ്ങളാണ് അത്. ജീവിതത്തിൽ മുന്നോട്ട് ഇനി ഒന്നുമില്ലെന്ന് തോന്നിയ സമയത്താണ് ഇങ്ങനൊരു കാര്യത്തിലേക്ക് ഇറങ്ങിയത്. ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ ആത്മഹത്യ ചെയ്തേനെ. അങ്ങനൊരു അടച്ച് പൂട്ടി ജീവിതമായിരുന്നു വർഷങ്ങളായി.
ഇന്ന് ഞാൻ റിഗ്രറ്റ് ചെയ്യുന്ന പല കാര്യങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല. തിരിച്ച് പോയി സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഉമ്മയോട് മാത്രമാണ്. എന്റെ മൂന്ന് സഹോദരങ്ങളും ഭയങ്കര നീറ്റാൻ ക്ലീനാണ്. ഞാൻ മാത്രമാണ് ഹറാംപിറപ്പ്. ഞാൻ ഇങ്ങനെയായതിൽ ഏറ്റവും കൂടുതൽ വിഷമിച്ചൊരാൾ ഉമ്മയാണ്. ഉമ്മയോട് ചെയ്തത് തിരുത്താൻ അവസരം കിട്ടിയാൽ ചെയ്യും.
ഉമ്മ മാത്രമാണ് ആ വീട്ടിൽ അടച്ചിരുന്നപ്പോൾ എനിക്കൊപ്പം നിന്നൊരാൾ. അവിടെ നിന്ന് ഞാൻ പുറത്തിറങ്ങാൻ കാരണവും ഉമ്മയാണ്. മറ്റുള്ളവരോട് സീറോ ഇമോഷനാണ് എനിക്ക്. ഗെയിമിങ്, സ്ട്രീമിങ് കരിറാക്കി ഉപജീവന മാർഗം കണ്ടെത്തുന്ന ഒരുപാട് ആളുകളുണ്ട്. കേരളത്തിൽ കുറവാണെന്ന് മാത്രം. ഭാവിയിൽ ഇതൊരു പ്രൊഫഷനായി ആളുകൾ അംഗീകരിക്കും. എനിക്ക് ഇനി പ്രണയമുണ്ടായി കൂടെന്നില്ല. ആരെങ്കിലും എവിടെ എങ്കിലും എനിക്ക് വേണ്ടി ഉണ്ടാകും.
മുമ്പ് കുറച്ച് കാലം ഇതിനെ കുറിച്ച് ചിന്തിച്ചിരുന്നു. അന്ന് ഒറ്റപ്പെട്ട സമയമായിരുന്നു. പക്ഷെ ഇപ്പോൾ ഇത്തരം കാര്യങ്ങൾ ചിന്തിക്കാറില്ല. ജീവിതത്തിനെ കുറിച്ച് തന്നെ ചിന്തിക്കാറില്ല. എന്റെ ഏറ്റവും വലിയ സ്ട്രെങ്ങ്ത്ത് പാസ്റ്റാണെന്നും തൊപ്പി പറഞ്ഞു.
socialmedia influencer thoppi nihad openup about his past life and future plans