(moviemax.in) തെലുങ്ക് സിനിമാലോകത്തെ സ്റ്റൈലിഷ് താരമായ വിജയ് ദേവരകൊണ്ട നായകനാവുന്ന പുതിയ ചിത്രം 'SVC59' ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ചു. രവി കിരൺ കോല സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രവി കിരൺ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്.
'ഭീഷ്മപർവ്വം', 'ഹെലൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനും, 'ഭ്രമയുഗം' അടക്കമുള്ള സിനിമകൾക്ക് സംഗീതം നൽകിയ ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് കത്തി പിടിച്ച് നിൽക്കുന്ന പോസ്റ്ററിലെ "ആയുധം ഞാൻ, ചോര എന്റെ, യുദ്ധം എന്നോട് തന്നെ" എന്ന മാസ് ഡയലോഗ് ചിത്രത്തിന് ഒരു ആക്ഷൻ പശ്ചാത്തലം നൽകുന്നു.
ഒരു ഗ്രാമീണ കഥാപാത്രമായി വിജയ് ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'ഫാമിലി സ്റ്റാറി'ന് ശേഷം വിജയ് ദേവരകൊണ്ടയും ദിൽ രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവാകുമെന്ന് നിർമ്മാതാവ് ദിൽ രാജു പറഞ്ഞു.
അതേസമയം, വിജയ് ദേവരകൊണ്ടയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം 'കിംഗ്ഡം' ആയിരുന്നു. ജൂലൈ 31 ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഗൗതം തിന്നൂരി രചനയും സംവിധാനവും നിർവഹിച്ച 'കിംഗ്ഡം' നാഗ വംശി, സായ് സൗജന്യ, അരവിന്ദ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ജോമോൻ ടി ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരായിരുന്നു ക്യാമറ കൈകാര്യം ചെയ്തത്.
Vijay Deverakonda and Keerthy Suresh star duo reunites for Dil Raju's 'SVC59'