( moviemax.in) കൊവിഡ്-ലോക്ക് ഡൗൺ കാലത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് ചക്കപ്പഴം. ഒരു കുടുംബത്തില്‍ നടക്കുന്ന രസകരമായതും വളരെ സരസമായതുമായ സംഭവങ്ങളായിരുന്നു ചക്കപ്പഴം ഓരോ എപ്പിസോഡിലൂടെയും പറഞ്ഞത്. സിറ്റ്കോമായി ഒരുക്കിയ ചക്കപ്പഴത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും ഒരു തരത്തിൽ പറഞ്ഞാൽ പുതുമുഖങ്ങൾ തന്നെയായിരുന്നു.
അക്കൂട്ടത്തിൽ പ്രേക്ഷകർക്ക് വളരെ പെട്ടന്ന് പ്രിയങ്കരിയായി മാറിയൊരാൾ മുത്തശ്ശിയായി അഭിനയിച്ച ഇന്ദിര ദേവി അമ്മയായിരുന്നു. പ്ലാവില വീട്ടിലെ അച്ഛമ്മയായി ഇന്ദിര ദേവി പ്രായത്തെ പോലും വെല്ലുന്നതരത്തിൽ നർമ്മം അടക്കം അഭിനയിച്ചു. ചക്കപ്പഴം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രവും പ്ലാവിലവീട്ടിലെ അച്ഛമ്മ തന്നെയായിരുന്നു. 2024ൽ ആണ് ചക്കപ്പഴം അവസാനിച്ചത്.
ചക്കപ്പഴത്തിൽ മാത്രമെ ഇന്ദിര ദേവി അമ്മ അഭിനയിച്ചിട്ടുള്ളു. കഴിഞ്ഞ കുറച്ച് അധികം നാളുകളായി വാർധക്യസഹജമായ അസുഖങ്ങളും അവശതകളും മൂലം ചികിത്സയിലായിരുന്നു താരം. ഇപ്പോഴിതാ ഇന്ദിര ദേവി അമ്മയുടെ മരണ വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് നടി സബീറ്റ ജോർജ്. ഇന്ദിര ദേവി അമ്മയുടെ കഥാപാത്രത്തിന്റെ മരുമകളായാണ് സബീറ്റ ചക്കപ്പഴത്തിൽ അഭിനയിച്ചിരുന്നത്.
റീൽ ലൈഫിൽ അമ്മായിയമ്മയും മരുമകളുമായിരുന്നുവെങ്കിലും റിയൽ ലൈഫിൽ ഇരുവരും തമ്മിൽ അമ്മ-മകൾ ബോണ്ടിങ്ങും സ്നേഹവുമായിരുന്നു. ഇന്ദിര ദേവി അസുഖ ബാധിതയായശേഷം കൃത്യമായ ഇടവേളകളിൽ സബീറ്റ സന്ദർശിക്കാൻ പോവുകയും ഏറെനേരം ഒപ്പം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. കുറച്ച് ദിവസം മുമ്പും സബീറ്റ ഇന്ദിര ദേവിയെ പോയി കണ്ടിരുന്നു.
ആരോഗ്യം വഷളായി തുടങ്ങിയെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്ദിര ദേവിയെന്നും പ്രാർത്ഥനകൾ വേണമെന്നും അന്ന് വീഡിയോ പങ്കുവെച്ച് സബീറ്റ കുറിച്ചിരുന്നു. ഈ അമ്മ എന്ന തീനാളം അണഞ്ഞു. ഇന്ദിര ദേവി അമ്മ സമാധാനത്തിൽ വിശ്രമിക്കൂ... ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യും എന്നാണ് മരണവാർത്ത പങ്കിട്ട് സബീറ്റ കുറിച്ചത്.
chakkappazham sitcom actress indira devi amma meenakshiyamma passed away