(moviemax.in) ബീന ആന്റണി-മനോജ് നായർ താരദമ്പതികൾ മലയാളികൾക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്. വർഷങ്ങളായി കണ്ടുവരുന്ന കുടുംബം. ഇരുവരേയും പോലെ തന്നെ ഏക മകൻ ആരോമലും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനാണ്. അച്ഛന്റേയും അമ്മയുടേയും സോഷ്യൽമീഡിയ ഹാന്റ് ചെയ്യുന്നതെല്ലാം ആരോമലാണ്. ജനിച്ചപ്പോൾ മുതൽ ഒരു കുട്ടി സെലിബ്രിറ്റിയുമാണ്. സ്കൂൾ പഠനം പൂർത്തിയാക്കിയ താരപുത്രനിപ്പോൾ ആനിമേഷൻ പഠിക്കാനായി ചേർന്ന് കഴിഞ്ഞു.
ഏക മകനാണെങ്കിൽ കൂടിയും കഷ്ടപ്പാടും ബുദ്ധിമുട്ടും എല്ലാം അറിഞ്ഞ് തന്നെയാണ് തന്റെ മകൻ വളരുന്നതെന്ന് ബീന ആൻ്റണി പറയുന്നു. എന്ത് തൊഴിലും ചെയ്യാനുള്ള മനസുള്ള കുട്ടിയാണെന്ന് താൻ മനസിലാക്കിയെന്നും ഒരു സംഭവം പങ്കിട്ട് ബീന ആന്റണി പറഞ്ഞു. കൈരളി ടിവിയുടെ കിച്ചൻ മാജിക്കിലാണ് ബീന ആന്റണി മകനെ കുറിച്ച് സംസാരിച്ചത്. എന്റെ മകന് പത്തൊമ്പത് വയസ് കഴിഞ്ഞു.
പ്ലസ് ടു പഠനം കഴിഞ്ഞപ്പോൾ പുതിയ കോഴ്സിന് ചേരുന്നത് വരെ അവന് കുറച്ച് അധികം അവധിക്കാലം കിട്ടിയിരുന്നു. ആറ് മാസത്തോളം കിട്ടി. ആനിമേഷൻ പഠിക്കാനാണ് ചേർന്നത്. അവധിക്കാലം ആയതുകൊണ്ട് തന്നെ ജിമ്മിലൊക്കെ അവൻ പോകാൻ തുടങ്ങിയിരുന്നു. അതിനിടയിൽ ഒരു ദിവസം അവൻ പറഞ്ഞു കാറ്ററിംഗ് ജോലിക്ക് പോക്കോട്ടെയെന്ന്.
അത് ആദ്യം കേട്ടപ്പോൾ ഞാനും ഒന്ന് അമ്പരന്നു. പക്ഷെ പോകാൻ സമ്മതം കൊടുത്തു. സമ്മതം കൊടുക്കാൻ ഞാൻ വിസമ്മതിച്ചപ്പോൾ എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത് കുഴപ്പമൊന്നും ഇല്ലെന്നാണ് അവൻ പറഞ്ഞത്. നിന്നെ എല്ലാവർക്കും അറിയാം... അതുകൊണ്ട് പോകണോ എന്ന രീതിയിലാണ് ഞാൻ സംസാരിച്ചത്. പക്ഷെ അവൻ അതൊന്നും കാര്യമാക്കിയില്ല. നിനക്ക് ചമ്മൽ ഇല്ലെങ്കിൽ പൊക്കോളാൻ ഞാനും പറഞ്ഞു.
അങ്ങനെ അവൻ രണ്ട്, മൂന്ന് പ്രാവശ്യം കാറ്ററിംഗ് ജോലിക്ക് പോയി. ദിവസം അഞ്ഞൂറും അറുന്നൂറും രൂപയൊക്കെ കിട്ടും. അത് എന്തിനാണ് ആ പണം ചെലവഴിക്കുന്നതെന്നും അവൻ എന്നോട് പറയും. വരയ്ക്കാനുള്ള സാമഗ്രികളൊക്കെയാണ് വാങ്ങാറുള്ളത്. സത്യത്തിൽ അവൻ അധ്വാനിച്ച പൈസയുമായി വരുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയിട്ടുണ്ട്. ഇതൊന്നും വലിയ സംഭവമല്ല.
എന്റെ മകൻ എന്തിന് ഇങ്ങനൊരു ജോലിക്ക് പോകണമെന്ന് വേണമെങ്കിൽ തോന്നാമല്ലോ... പക്ഷെ അതല്ല. തെസ്നിയുടെ അമ്മയൊക്കെ വിളിച്ച് എന്തിനാണ് ബീനെ കൊച്ചിനെ കാറ്ററിങ്ങിന് വിടുന്നത്? എന്ന് എന്നോട് ചോദിച്ചിരുന്നു. അതിന് എന്താണ് ഉമ്മ കുഴപ്പം..? പിള്ളേർ ഒരു വരുമാനം ഉണ്ടാക്കാൻ പരിശ്രമിക്കുന്നത് നല്ലത് അല്ലേയെന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്.
ശങ്കരുവിനെ കാണുമ്പോൾ തിരിച്ചറിയുന്നവർ ബീന ആന്റണിയുടെ മകനല്ലേ കാറ്ററിങ് ചെയ്യുന്നതെന്ന് ചിന്തിച്ചേക്കും. എനിക്ക് അതിൽ കുഴപ്പമൊന്നുമില്ല. നമ്മളും ഒരുപാട് കഷ്ടപ്പെട്ട് വളർന്നവരല്ലേ. എനിക്കൊക്കെ രണ്ട് യൂണിഫോമെ ഉണ്ടായിരുന്നുള്ളു. മോനൊക്കെ നാലും അഞ്ചും യൂണിഫോമാണ് ഉണ്ടായിരുന്നത്. മക്കളെ കഷ്ടപ്പാട് അറിയിക്കാതെ വളർത്താൻ നമ്മൾ പരിശ്രമിക്കും.
പക്ഷെ എല്ലാം അവർക്ക് ചെയ്ത് കൊടുക്കേണ്ട കാര്യമില്ല. കഷ്ടപ്പാടും ബുദ്ധിമുട്ടും അവരും അറിയണം കുറച്ചൊക്കെ. സീരിയലിലേക്ക് വരും മുമ്പ് ഞാനും ഒരു ചെറിയ ജോലിക്കൊക്കെ പോയിരുന്നയാളാണെന്നും ബീന ആന്റണി പറഞ്ഞു. അമ്മയ്ക്കും അച്ഛനും ഒപ്പം ചില റീലുകളിൽ ഇടയ്ക്കിടെ ആരോമലും പ്രത്യക്ഷപ്പെടാറുണ്ട്. അമ്മ-മകൻ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ് ഇരുവരും. കുടുംബസമേതം ബീന ആൻ്റണി നൽകിയിട്ടുള്ള അഭിമുഖങ്ങൾ കാണുമ്പോൾ തന്നെ അത് വ്യക്തമാണ്. അമ്പത്തിയൊന്നുകാരിയായ ബീന കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീരിയലിലാണ് സജീവം.
beenaantony says her only son doing catering job in his free time