(moviemax.in) ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സ് പരിസരം അടച്ചുപൂട്ടിയതോടെ കന്നഡ ബിഗ് ബോസ് റിയാലിറ്റിഷോ നിര്‍ത്തിവച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നിലവിലെ നടപടി.
ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സജ്ജമാക്കിയ സ്റ്റുഡിയോയിൽ ആയിരുന്നു കന്നഡ ബിഗ് ബോസ് റിയാലിറ്റിഷോ ചിത്രീകരിച്ചിരുന്നത്. ഹരിതമേഖലയിൽ പ്രവർത്തിക്കുന്ന പാർക്ക് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.
പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. മാലിന്യനിർമാർജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കഴിഞ്ഞദിവസം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇവിടെനിന്നുള്ള മാലിന്യങ്ങൾ പാരിസ്ഥിതികപ്രശ്നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി.
കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പന്ത്രണ്ടാം സീസൺ അവതാരകൻ. പുതിയ സീസൺ അടുത്തിടെയാണ് ആരംഭിച്ചത്. രാമനഗര തഹസിൽദാർ തേജസ്വിനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പ്രവർത്തനം. ഷോ നിർത്തിവച്ചതോടെ സാങ്കേതിക ജീവനക്കാർ ഉൾപ്പെടെ 700-ലധികം പേർ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ആറ് മാസമായി ടെക്നീഷ്യൻമാർ തുടർച്ചയായി മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച ബിഗ് ബോസ് വീട് ഇപ്പോൾ ഔദ്യോഗികമായി പൂട്ടിയിരിക്കുകയാണ്. ഒരു കൊട്ടാരം പോലെയാണ് വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്, നടൻ കിച്ച സുദീപിന്റെ ദർശനത്തിന് അനുസൃതമായി ഇതാദ്യമായാണ് ഇത്രയും വലിയ തോതിൽ വീട് നിർമ്മിക്കുന്നത്.
നിലവിൽ എല്ലാ മത്സരാർത്ഥികൾക്കും ഈഗിൾട്ടൺ റിസോർട്ടിൽ താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും സംഘാടകർ മത്സരാർത്ഥികളെ കാറിൽ കൊണ്ടുപോയി റിസോർട്ടിലേക്ക് മാറ്റിയെന്നും വൃത്തങ്ങൾ അറിയിച്ചു.
Contestants asked to leave the house; 'Bigg Boss' show suspended