കൊവിഡ് കാലത്ത് ഫ്ലവേഴ്‌സ് ചാനലിൽ ആരംഭിച്ച 'ചക്കപ്പഴം' എന്ന സിറ്റ്‌കോം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. നാല് വർഷത്തിലേറെ മികച്ച റേറ്റിംഗോടെ സംപ്രേക്ഷണം ചെയ്ത ഈ പരമ്പര, 'ഉപ്പും മുളകും' എന്ന സൂപ്പർഹിറ്റിന് ശേഷം ജനപ്രീതി നേടിയ മറ്റൊരു കോമഡി സീരിയലാണ്. ഈ പരമ്പരയിലെ പ്രധാന താരങ്ങളായ ശ്രുതി രജനികാന്ത്, അർജുൻ സോമശേഖർ, റാഫി, അശ്വതി ശ്രീകാന്ത്, സബീറ്റ ജോർജ് എന്നിവരടക്കമുള്ളവരുടെ കരിയറിൽ വഴിത്തിരിവായത് 'ചക്കപ്പഴം' ആയിരുന്നു.
പരമ്പരയിലെ പ്ലാവിൽ വീട്ടിലെ കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളായിരുന്നു മുത്തശ്ശി. മുത്തശ്ശിയായി വേഷമിട്ടത് മുതിർന്ന നടി ഇന്ദിര ദേവി ആയിരുന്നു. എന്നാൽ, 'ചക്കപ്പഴം' അവസാനിച്ച ശേഷം ഇന്ദിര ദേവി മറ്റൊരു പ്രോജക്റ്റിലും ഭാഗമായില്ല. പ്രായത്തിന്റെ അവശതകൾ കാരണം അവർ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർധക്യസഹജമായ അസുഖങ്ങൾ കാരണം ഇന്ദിര ദേവി കിടപ്പിലാണ്.
'ചക്കപ്പഴത്തിൽ' ഇന്ദിര ദേവിയുടെ മരുമകൾ 'ലളിത'യായി വേഷമിട്ട സബീറ്റ ജോർജ് ആണ് ഇപ്പോൾ മുത്തശ്ശിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഇന്ദിര ദേവിയുടെ അവസ്ഥ മോശമാവുകയാണെന്ന് സബീറ്റ പറയുന്നു.
സബീറ്റയുടെ വാക്കുകൾ ഇങ്ങനെ:
"നമ്മുടെ ചക്കപ്പഴത്തിലെ പ്രിയപ്പെട്ട മുത്തശ്ശിക്ക് തീരെ സുഖമില്ല. പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങളാണ്. എല്ലാവരുടെയും പ്രാർത്ഥനകൾ മാത്രമാണ് ഇനി മുത്തശ്ശിക്ക് വേണ്ടത്. 'എടീ ലളിതേ... നിന്റെ മോളെങ്ങനെ ഇരിക്കുന്നു' എന്ന് പോലും ചോദിക്കാൻ പറ്റാതെയുള്ള ആ കിടപ്പ് കണ്ടപ്പോൾ എന്റെ മനസ് വല്ലാതെ വിങ്ങിപ്പോയി. എങ്കിലും ഹൃദയങ്ങളുടെ നെടുവീർപ്പിലൂടെ ഞങ്ങൾ പറയേണ്ടതെല്ലാം പരസ്പരം പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ അവസാന ഷൂട്ടിംഗ് ദിവസം. അതായിരുന്നു ഞങ്ങളുടെ അവസാന ഷൂട്ടിംഗ് ഡെ എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്മ എന്റെ സാന്നിധ്യം ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ അവിടെ ഉണ്ടാകുമെന്ന് അന്ന് ഞാൻ അമ്മയ്ക്ക് ഉറപ്പ് കൊടുത്തിരുന്നു. ഇന്ന് വരെ ഞാൻ എന്റെ വാഗ്ദാനം പാലിച്ചു അമ്മേ. നിങ്ങൾ പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലുമുള്ള നിങ്ങളുടെ സത്യസന്ധത എന്നെ പ്രചോദിപ്പിക്കുന്നു. സ്നേഹവും ചിരിയും നിറഞ്ഞ ഞങ്ങളുടെ വഴക്കുകൾ ഞാൻ എന്നേക്കും വിലമതിക്കും. നിങ്ങളെ സ്നേഹിക്കുന്നു."
കുറച്ച് മാസങ്ങൾക്ക് മുമ്പ് സബീറ്റ കാണാനെത്തിയപ്പോൾ ഇന്ദിര ദേവി സംസാരിക്കുമായിരുന്നു. എന്നാൽ, അസുഖത്തിന്റെ ബുദ്ധിമുട്ട് കൂടിയതോടെ ഇപ്പോൾ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ കുറിപ്പിന് താഴെ നിരവധി പേരാണ് ഊർജസ്വലയായി ചിരിച്ച് നിന്ന പ്ലാവിൽ വീട്ടിലെ മുത്തശ്ശി വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ നേർന്ന് കമന്റ് ചെയ്യുന്നത്. 'ചക്കപ്പഴത്തിലെ' മകൻ 'കുഞ്ഞുണ്ണി'യായി അഭിനയിച്ച അമൽ രാജ്‌ദേവും പ്രാർത്ഥനകൾ അറിയിച്ചു.
Sabita George on the health condition of her grandmother in Jackfruit