( moviemax.in) മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ആങ്കർ വീണ മുകുന്ദൻ അമ്മയായതിൻ്റെ സന്തോഷം പങ്കുവെച്ചു. താരത്തിന് ഒരു പെൺകുഞ്ഞാണ് പിറന്നത്. കുഞ്ഞ് പിറന്ന ദിവസത്തെ മറക്കാനാവാത്ത അനുഭവങ്ങൾ വീണ തൻ്റെ യൂട്യൂബ് വ്ലോഗിലൂടെ പ്രേക്ഷകർക്കായി തുറന്നു പറഞ്ഞു.
''സെപ്റ്റംബർ 26-നാണ് എൻ്റെ ഡെലിവറി കഴിഞ്ഞത്," എന്ന് ഒക്ടോബർ രണ്ടിന് എടുത്ത വ്ലോഗിൽ വീണ പറയുന്നു. പ്രസവത്തിൻ്റെ പേടിപ്പിക്കുന്ന നിമിഷങ്ങളെക്കുറിച്ചും താരം ഓർത്തെടുത്തു. ലേബർ റൂമിലേക്ക് പോകുന്നത് വരെ ഞാൻ വളരെ സന്തോഷവതിയായിരുന്നു. എന്നാൽ, ഡ്രസ് മാറ്റി, ഓക്സിജൻ മാസ്ക് വെച്ച് സ്ട്രെച്ചറിലേക്ക് കിടത്തിയപ്പോൾ എൻ്റെ സകല വെളിവുകളും പോയി. ഇഷ്ടമുള്ള ആളുകൾ ചുറ്റുമുണ്ടായിരുന്നിട്ടും എനിക്ക് വല്ലാത്ത പേടിയുണ്ടായിരുന്നു," വീണ മുകുന്ദൻ പറഞ്ഞു. താരത്തിനും കുഞ്ഞിനും ആശംസകളുമായി നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.
ഇലക്ടീവ് സി സെക്ഷനായിരുന്നു എനിക്ക്. ഇക്കാര്യം കഴിഞ്ഞ വീഡിയോയിൽ പറഞ്ഞപ്പോൾ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് പറഞ്ഞ് ഒരുപാട് കമന്റുകൾ എനിക്ക് വന്നു. നോർമൽ ഡെലിവറിയിലൂടെ മാത്രമേ ഒരു അമ്മ എന്ന ഫീലിംഗ് മനസിലാകൂ എന്നൊക്കെ പറഞ്ഞിരുന്നു. അതേക്കുറിച്ച് മറ്റൊരു വീഡിയോ താൻ ചെയ്യുമെന്ന് വീണ പറയുന്നു. എപ്പിഡ്യൂറൽ ആണ് ഞാൻ ചൂസ് ചെയ്തത്.
നട്ടെല്ലിലൂടെ ഒരു ഇഞ്ചക്ഷൻ തരും, അതോടെ കിളി പറക്കും എന്ന് പറഞ്ഞിരുന്നു. പക്ഷെ എനിക്കങ്ങനെ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. വേദന സഹിക്കാൻ തീരെ പറ്റാത്ത ആളാണ് ഈ പറയുന്നത്. ആ ഇഞ്ചക്ഷൻ തന്നാൽ ഈ ഭാഗം തൊട്ട് താഴേക്ക് മരവിച്ച് പോകും. ഓപ്പറേഷൻ തിയറ്ററിലേക്ക് ആരെയും കയറ്റില്ലെങ്കിലും വീഡിയോ എടുക്കാൻ പ്രത്യേക പെർമിഷൻ ഉണ്ടായിരുന്നു.
എന്റെ ക്ലോസ് ഫ്രണ്ടായ ഹരിതയാണ് വീഡിയോ എടുത്തത്. നമുക്ക് അറിയാവുന്ന ആൾ അടുത്ത് നിൽക്കുന്നത് ആത്മവിശ്വാസം നൽകും. എനിക്ക് ചെറുതായി മയക്കം വന്നു. വീണ, എല്ലാം ഓക്കെയാണ്, വയറിന് എന്തെങ്കിലും ഫീൽ ചെയ്യുന്നുണ്ടോ എന്ന് ഡോക്ടർ ചോദിച്ചു. എന്തൊക്കെയോ നടക്കുന്നുണ്ട്. പക്ഷെ വേദനയില്ല. ഓപ്പറേഷൻ തുടങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ എന്റെ ബിപി കൂടി അറ്റാക്ക് വന്ന് പോകുമോ എന്ന് തോന്നിപ്പോയി. എന്താണ് അവിടെ സംഭവിച്ചതെന്ന് ചോദിക്കുമ്പോൾ ഇപ്പോഴും മരവിച്ച അവസ്ഥയാണ്.
എന്റെ മനസിൽ എവിടെയോ ഇതൊരു ആൺകുട്ടിയാണ് എന്ന ശക്തമായ ബോധ്യം കിടക്കുകയാണ്. പെൺകുട്ടിക്ക് വേണ്ടി ഭയങ്കരമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും. പകുതി ബോധത്തിൽ കിടക്കുമ്പോൾ വീണ, മോളാണ് എന്ന് പറഞ്ഞു. അതിന് ശേഷം ഞാൻ ഭയങ്കരമായി കരഞ്ഞു. എന്തിനാണ് കരഞ്ഞതെന്ന് തനിക്കിപ്പോഴും അറിയില്ലെന്നും വീണ പറയുന്നു. എപ്പിഡ്യൂറൽ ഇഞ്ചക്ട് ചെയ്തതിനാൽ താൻ വേദന അറിഞ്ഞില്ലെന്നും വീണ പറയുന്നുണ്ട്.
ഇത്തരം സ്വകാര്യ കാര്യങ്ങൾ എന്തിന് വീഡിയോയി പങ്കുവെക്കുന്നു എന്ന ചോദ്യത്തിനും വീണ മറുപടി നൽകുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ പ്രസവമാണോ, വേറെ ആരും പ്രസവിച്ചിട്ടില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഞാനുൾപ്പെടുന്ന ലോകത്തിലെ എന്റെ ആദ്യത്തെ പ്രസവമാണ്. ഞാൻ ഇതിന് മുമ്പ് പ്രസവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിക്കിത് വളരെ വലിയ കാര്യമാണ്.
രണ്ടാമത്തെ കാര്യം എല്ലാവർക്കും ഇത് വീഡിയോ എടുക്കാൻ പറ്റണമെന്നില്ല. ഞങ്ങൾക്കതിന് സാധിച്ചു. അത് നിങ്ങളെ കാണിക്കണമെന്നുണ്ടായിരുന്നു. ഈ ഘട്ടത്തിലൂടെ പോകുന്നവർക്കും പോകാനാഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് വീഡിയോ പങ്കുവെക്കുന്നതെന്ന് വീണ വ്യക്തമാക്കി. കുഞ്ഞിന് ഇതുവരെ പേര് കണ്ട് പിടിച്ചിട്ടില്ലെന്നും വീണ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് വീണ മുകുന്ദൻ. കേരളത്തിൽ അറിയപ്പെടുന്ന ആങ്കർമാരിലൊരാൾ.
veenamukundan opens up about birth of her child shares happy moments