( moviemax.in) കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവും നടനുമായ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ വലിയ രീതിയിൽ വിമർശനങ്ങൾ വന്നതോട് കൂടി ഇൻസ്റ്റാഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്യുകയുണ്ടായി. അതേസമയം എക്‌സിൽ അറസ്റ്റ് വിജയ് എന്ന പേരിൽ ഹാഷ്ടാഗുകൾ വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നുണ്ട്.
തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചിരുന്നു. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു.
ഇന്ന് തന്നെ ജഡ്ജിയുടെ വസതിയിൽ എത്തി അപേക്ഷ നൽകിയേക്കും. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെടും. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. അടുത്തയാഴ്ച കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിൽ നടത്താനിരുന്ന പര്യടനാണ് വിജയ് നിര്‍ത്തിവെച്ചത്. വെല്ലൂരും റാണിപേട്ടുമാണ് ഒക്ടോബര്‍ അഞ്ചിന് റാലി തീരുമാനിച്ചിരുന്നത്. ഇത് ഉള്‍പ്പെടെയാണ് നിര്‍ത്തിവെച്ചത്. ഇനി സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് വിജയ്‍യുടെ പര്യടനം ബാക്കിയുള്ളത്.
തിങ്കളാഴ്ച കോടതി കടുത്ത പരാമർശങ്ങൾ നടത്തുമെന്ന ആശങ്കയിലാണ് ടിവികെ വൃത്തങ്ങൾ. കരൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചത്. സഹായധനം ജീവൻ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു.
oviya says vijay should be arrested followed by massive criticism deleted later