( moviemax.in) ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള കസ്റ്റംസിന്റെ ദൗത്യം 'ഓപ്പറേഷന്‍ നുംഖോറി'ല്‍ പ്രതികരണവുമായി സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് സ്വപ്‌നവാഹനം വാങ്ങിയതിന്, സാധിക്കുമെങ്കില്‍ തൂക്കുകയര്‍ തന്നെ വാങ്ങിക്കൊടുക്കണമെന്ന് പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു. വാഹനം കടത്താന്‍ ഒത്താശചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ബഹുമതികള്‍ക്ക് ശുപാര്‍ശചെയ്യണമെന്നും പ്രവീണ്‍ കുറിച്ചു.
'ഞാന്‍ എഴുതി സംവിധാനംചെയ്ത, ഇന്ത്യ മുഴുവന്‍ വിവാദവും വാര്‍ത്തയുമായ സിനിമയെപ്പറ്റിയുള്ള ഒരുപോസ്റ്റിലും ഉണ്ടാവാത്ത അത്രക്കും ട്രാഫിക് കഴിഞ്ഞദിവസം വണ്ടിവാങ്ങുന്നതുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റില്‍ ഉണ്ടായി. ഏകദേശം അഞ്ചുലക്ഷത്തിനുമുകളിലാണ് ടോട്ടല്‍ വ്യൂവര്‍ഷിപ്പ്. കാര്‍ തപ്പിപ്പോയ പോക്കില്‍ ഞാനും ഒന്നുരണ്ടു റീ- രജിസ്റ്റര്‍ഡ് വണ്ടികള്‍ വെറുതെ ഒരു കൗതുകത്തിന് കാണുകയുണ്ടായി. അദര്‍ സ്റ്റേറ്റ് വാഹനങ്ങള്‍ വേണ്ട എന്നുതോന്നിയതുകൊണ്ട് അധികം അങ്ങോട്ട് പോയില്ല. അന്നേരമാണ് ഓപ്പറേഷന്‍ സിന്ദൂറിനുശേഷം 'ഓപ്പറേഷന്‍ നുംഖോര്‍' വരുന്നത്', സംവിധായകന്‍ ആമുഖമായി കുറിച്ചു.
'പക്ഷേ, ഒരു സംശയം ഉള്ളത്, 200 കാറുകള്‍ അതിര്‍ത്തി സുരഷാസേനയേയും കസ്റ്റംസിനേയും വെട്ടിച്ച്, ഭൂട്ടാന്‍ അതിര്‍ത്തി കടന്ന്, ഇന്ത്യയിലെത്തി അതിനുശേഷം ഒരുസംസ്ഥാനത്തിന്റെ ആര്‍ട്ടിഒയില്‍ രജിസ്റ്റര്‍ചെയ്ത് നിരാക്ഷേപപത്രംവാങ്ങി കേരളത്തില്‍ എത്തിച്ച്, ഇന്‍ഷുറന്‍സ്, ടാക്‌സ് അതിന് ജിഎസ്ടി, പുകപരിശോധന എല്ലാംചെയ്ത് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ്, വണ്ടി വാങ്ങിച്ചവരുടെ വീട് റെയ്ഡുചെയ്തു വണ്ടി പിടിച്ചു കൊണ്ട് പോവുക!
ശ്വസിക്കുന്ന വായു ഒഴികെ എല്ലാത്തിനും നികുതി അടച്ചു ജീവിക്കുന്ന പൗരന്‍ അവന്റെ അധ്വാനംകൊണ്ട് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസവെച്ച് ഒരു സ്വപ്‌നവാഹനം വാങ്ങിയതിന് സാധിക്കുമെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയായ തൂക്കുകയര്‍ തന്നെ വാങ്ങി കൊടുക്കണം. കൂടാതെ, തുടക്കം മുതല്‍ ഒടുക്കം വരെ കൈക്കൂലി വാങ്ങി ഇതിന് ഒത്താശ പാടിക്കൊടുത്ത ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക്, സത്യസന്ധമായും നൂറുശതമാനം അര്‍പ്പണ ബോധത്തോടേയും ജോലി ചെയ്തതിനു ഇന്ത്യന്‍ പ്രസിഡന്റിന്റെ കയ്യില്‍നിന്നും ഏതെങ്കിലും പരമോന്നത ബഹുമതിയും കൂടാതെ ശമ്പളവും അലവന്‍സും കൂട്ടിക്കൊടുക്കുവാനായി ശുപാര്‍ശയും ചെയ്യണം എന്നാണ് എന്റെ അഭ്യര്‍ഥന', എന്നാണ് പരിഹാസപോസ്റ്റ് അവസാനിക്കുന്നത്.
Director Praveen Narayanan mocks Operation Numkhor